“കപ്പിത്താൻ ഉണ്ടായിട്ട് എന്ത് കാര്യം കപ്പൽ മുങ്ങി സാർ “ആരോഗ്യവകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം
സംസ്ഥാനത്ത് അമീബിക് മസിഷ്ക ജ്വരം അതിവേഗം പടര്‍ന്നുപിടിക്കുകയാണെന്നും വീട്ടിൽ കുളിച്ചവര്‍ പോലും രോഗം വന്ന് മരിക്കുന്നുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി
തിരുവനന്തപുരം| അമീബിക് മസ്തിഷ്ക ജ്വരം സംസ്ഥാനത്ത് പടരുന്നുമായി ബന്ധപ്പെട്ട് നിയമസഭയിലെ അടിയന്തര പ്രമേയത്തിലെ ചര്‍ച്ചയിൽ സര്‍ക്കാരിനും ആരോഗ്യവകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം.മരണനിരക്ക് സര്‍ക്കാര്‍ പൂഴ്ത്തിവയ്ക്കുകയാണെന്നും യഥാര്‍ഥ കണക്ക് മറച്ചുവെച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മേനിനടിക്കുകയാണെന്നും പ്രമേയം അവതരിപ്പിച്ച എന്‍ ഷംസുദ്ദീന്‍ പറഞ്ഞു. സംസ്ഥാനത്ത് അമീബിക് മസിഷ്ക ജ്വരം അതിവേഗം പടര്‍ന്നുപിടിക്കുകയാണെന്നും വീട്ടിൽ കുളിച്ചവര്‍ പോലും രോഗം വന്ന് മരിക്കുന്നുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. കപ്പിത്താൻ ഉണ്ടായിട്ട് കാര്യമില്ലെന്നും കപ്പൽ മുങ്ങിയെന്നും പ്രതിപക്ഷം പരിഹസിച്ചു. 100 ഓളം പേർക്ക് രോഗബാധ ഉണ്ടായി. പകർച്ച വ്യാധി അല്ലാതിരുന്നിട്ടും രോഗം പടരുകയാണ്. രോഗബാധയിൽ ശാസ്ത്രീയ വിശദീകരണം നൽകാൻ സർക്കാരിനാകുന്നില്ല. രോഗം പ്രതിരോധിക്കുന്നതിൽ ആരോഗ്യവകുപ്പിന് വ്യക്തതയില്ലെന്നും ഇരുട്ടിൽ തപ്പുകയാണെന്നും എൻ ഷംസുദ്ദീൻ വിമര്‍ശിച്ചു. മരണ നിരക്ക് കുറവാണെന്ന് പറഞ്ഞു നിൽക്കുകയാണ് സര്‍ക്കാര്‍. ആരോഗ്യവകുപ്പ് മരണനിരക്ക് പൂഴ്ത്തിവെക്കുകയാണ്. മാധ്യമങ്ങൾ വിഷയം ഉന്നയിച്ചപ്പോഴാണ് കണക്ക് പുറത്തുവിട്ടത്. യഥാർത്ഥ കണക്ക് മറച്ചുവച്ച് മേനി നടിക്കുകയാണ്.കേരളത്തിൽ മരണനിരക്ക് കുറവാണ് എന്നാണ് പറയുന്നത്. എന്നാൽ, രോഗ വ്യാപനം തടയാനാകുന്നില്ല. നമ്പർ വൺ കേരളം എന്ന് പറയുന്നതിൽ അർഥമില്ല
സംസ്ഥാനത്ത് ഇത്രയധികം പേര്‍ക്ക് രോഗബാധയുണ്ടായി ഗുരുതര സാഹചര്യമുണ്ടായിട്ട് പോലും നിപ്പയുടേയോ അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെയോ ഉറവിടം കണ്ടെത്താന്‍ ആരോഗ്യവകുപ്പിന് സാധിച്ചിട്ടില്ലെന്ന് എന്‍ ഷംസുദ്ദീന്‍ കുറ്റപ്പെടുത്തി.വെന്റിലേറ്ററിലായ ആരോഗ്യവകുപ്പ് ഇരുട്ടില്‍ തപ്പുകയാണെന്ന് പി സി വിഷ്ണുനാഥും വിമര്‍ശിച്ചു. ആരോഗ്യരംഗം വെന്റിലേറ്ററിലാണെന്നും അദ്ദേഹം ആഞ്ഞടിച്ചു. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 1411 പേരാണ് പകര്‍ച്ചവ്യാധികള്‍ മൂലം മരിച്ചത്. കോഴിക്കോട് ജില്ലാ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ മുടങ്ങിയിട്ട് 10 മാസമായി.ഉപകരണം വിതരണം ചെയ്യുന്ന കമ്പനികള്‍ക്ക് 114 കോടിയാണ് കൊടുക്കാനുള്ളതെന്നും പ്രതിപക്ഷ എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടി.