എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ സിഎംആര്‍എല്ലിന്റെ ഹർജി; ഹൈക്കോടതി വിധി പറയാൻ മാറ്റി
സിഎംആർഎൽ-എക്‌സാലോജിക് അന്വേഷണത്തിൽ പൊതുതാൽപര്യമുണ്ട്. അഴിമതി മറയ്ക്കാനാണ് രാഷ്ട്രീയ നേതാക്കൾക്ക് സിഎംആർഎൽ പണം നൽകിയതെന്നും എസ്എഫ്‌ഐഒ വ്യക്തമാക്കി.
ഡൽഹി | മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്‌സാലോജികിന് സിഎംആർഎൽ പണം നൽകിയത് അഴിമതി തന്നെയെന്ന് എസ്എഫ്‌ഐഒ കോടതിയിൽ പറഞ്ഞു. തടസമില്ലാത്ത പ്രവർത്തനത്തിനാണ് സിഎംആർഎൽ എക്‌സാലോജികിന് പണം നൽകിയതെന്നും എസ്എഫ്ഐഒ പറഞ്ഞു. സിഎംആർഎൽ-എക്‌സാലോജിക് അന്വേഷണത്തിൽ പൊതുതാൽപര്യമുണ്ട്. അഴിമതി മറയ്ക്കാനാണ് രാഷ്ട്രീയ നേതാക്കൾക്ക് സിഎംആർഎൽ പണം നൽകിയതെന്നും എസ്എഫ്‌ഐഒ വ്യക്തമാക്കി. ഡൽഹി ഹൈക്കോടതിയിൽ വാദത്തിനിടെയാണ് എസ്എഫ്ഐഒ ഇക്കാര്യങ്ങൾ അറിയിച്ചത്.
നികുതി സംബന്ധിച്ച രേഖകൾ എസ്എഫ്‌ഐഒയ്ക്ക് കൈമാറിയത് നിയമപരമെന്ന് ആദായ നികുതി വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. രേഖകൾ കൈമാറിയതിൽ നിയമ വിരുദ്ധതയില്ലെന്നും ആദായ നികുതി വകുപ്പ് വിശദീകരിച്ചു. ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവ് അന്തിമമല്ല. ഇതിൽ ആക്ഷേപമുണ്ടെങ്കിൽ കക്ഷികൾക്ക് ഹൈക്കോടതിയെ സമീപിക്കാം. പ്രൊസിക്യൂഷൻ നടപടി ഒഴിവാക്കാനാണ് സെറ്റിൽമെന്റ് ബോർഡിന്റെ നടപടികൾ എന്നും ആദായ നികുതി വകുപ്പിന്റെ വാദം. സിഎംആർഎലിന്റെ ഹർജിയിൽ എല്ലാ കക്ഷികളും ഒരാഴ്ചയ്ക്കകം വാദം എഴുതി നൽകാൻ ഹൈക്കോടതി നിർദ്ദേശം നൽകി. എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ സിഎംആർഎല്ലിന്റെ ഹർജിയിൽ ദില്ലി ഹൈക്കോടതി പിന്നീട് വിധി പറയും
സിഎംആർഎൽ – എക്‌സാലോജിക് മാസപ്പടി കേസിലെ എസ്എഫ്‌ഐഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. ഹർജിയിൽ ജസ്റ്റിസ് ചന്ദ്രധാരി സിംഗ് അധ്യക്ഷനായ സിംഗിൾ ബെഞ്ച് അവസാനഘട്ട വാദം കേൾക്കുന്നത്.കേസിലെ എസ്എഫ്‌ഐഒ അന്വേഷണം നിയമ വിരുദ്ധമാണ് എന്നാണ് സിഎംആർഎലിന്റെ വാദം. ആദായ നികുതി സെറ്റിൽമെന്റ് ബോർഡ് തീർപ്പാക്കിയ കേസിലെ അന്വേഷണം നിയമ വിരുദ്ധമാണ്.രഹസ്യ സ്വഭാവത്തിലുള്ള രേഖകൾ പരാതിക്കാരന് ലഭിച്ചത് നിയമ വിരുദ്ധമാണ് എന്നുമാണ് സിഎംആർഎലിന്റെ വാദം. എക്‌സാലോജിക് കമ്പനിയുമായുള്ള ഇടപാടിലെ എസ്എഫ്‌ഐഒ അന്വേഷണം ചട്ടവിരുദ്ധമാണെന്ന് സിഎംആർഎൽ ഹൈക്കോടതിയിൽ നേരത്തേയും വാദിച്ചിരുന്നു.