വാളയാർ പെൺകുട്ടികളുടെ അമ്മ ഭാഗ്യവതിക്ക് ‘കുഞ്ഞുടുപ്പ്’
കരഞ്ഞു കാല് പിടിച്ചിട്ടും നീതി കിട്ടാഞ്ഞിട്ടാണ് മുഖ്യമന്ത്രിക്കെതിരെ ജനകീയ പോരാട്ടം നടത്തുന്നതെന്ന് വാളയാർ അമ്മ ഭാഗ്യവതി ആദ്യ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പറഞ്ഞു.
തിരുവനന്തപുരം: ധർമ്മടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വതന്ത്രയായി മത്സരിക്കുന്ന വാളയാർ പെൺകുട്ടികളുടെ അമ്മ ഭാഗ്യവതിക്ക് ‘കുഞ്ഞുടുപ്പ്’ തെരഞ്ഞെടുപ്പ് ചിഹ്നം. ‘ഫ്രോക്ക്’ ചിഹ്നമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അമ്മയ്ക്ക് അനുവദിച്ചതെന്ന് പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന വാളയാർ നീതി സമിധി രക്ഷാധികാരി സി.ആര്‍.നീലകണ്ഠൻ അറിയിച്ചു.കരഞ്ഞു കാല് പിടിച്ചിട്ടും നീതി കിട്ടാഞ്ഞിട്ടാണ് മുഖ്യമന്ത്രിക്കെതിരെ ജനകീയ പോരാട്ടം നടത്തുന്നതെന്ന് വാളയാർ അമ്മ ഭാഗ്യവതി ആദ്യ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പറഞ്ഞു.
വാളയാർ അമ്മയ്ക്ക് പിന്തുണ നൽകി സ്ഥാനാർത്ഥിയെ പിൻവലിക്കാൻ യുഡിഎഫും ബിജെപിയും തയ്യാറാകണമെന്നും ഭരണകൂടവും ജനതയും തമ്മിൽ ഏറ്റുമുട്ടുന്ന മണ്ഡലമായി ധർമ്മടം മാറിയെന്നും തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത സാമൂഹ്യ പ്രവർത്തക പി.ഗീത പറഞ്ഞു.വാളയാർ അമ്മയ്ക്ക് പിന്തുണ നൽകി ചരിത്ര പരമായ ദൗത്യം നിർവ്വഹിക്കാൻ യുഡിഎഫ് തയ്യാറാകണം. ബിജെപി ഉൾപെടേ എല്ലാവരും സ്ഥാനാർത്ഥിത്വം പിൻവലിച്ച് അമ്മയെ പിന്തുണയ്ക്കണം. വാളയാറിലെ നിസ്സഹായയായ ദളിത് അമ്മയുടെ പോരാട്ടം വോട്ടിൻ്റെ എണ്ണം കൊണ്ടല്ല അളക്കേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.വെൽഫെയർ പാർട്ടി, എസ് യു സി ഐ, വിവിധ ദളിത്, ആദിവാസി സംഘടനകൾ എന്നിവർ വാളയാർ അമ്മയ്ക്ക് ഐക്യദാർഢ്യം അറിയിച്ച് കൺവെൻഷനിൽ പങ്കെടുത്തു. നാളെ മുതൽ വോട്ടർമാരെ കാണാനായി ചെറുസംഘങ്ങളായി പോകുമെന്ന് വാളയാർ നീതി സമിധി രക്ഷാധികാരി സി ആർ നീലകണ്ഠൻ അറിയിച്ചു.