വൈഷ്ണ സുരേഷിന് മത്സരിക്കാം. വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടി ഹൈക്കോടതി നിർദേശ പ്രകാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തിരുത്തി
വോട്ടർ പട്ടികയിൽ പേരുചേർക്കാൻ നൽകിയ വിലാസത്തിലെ തെറ്റു ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പട്ടികയിൽനിന്ന് പേര് നീക്കിയത്. വൈഷ്ണയുടെ വിലാസം ശരിയല്ലെന്നും പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നുമാവശ്യപ്പെട്ട് സിപിഎം തിരഞ്ഞെടുപ്പ് കമ്മീഷന് നേരത്തേ പരാതി നൽകിയിരുന്നു
കൊച്ചി | തിരുവനന്തപുരം കോർപറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന് മത്സരിക്കാം. വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടി ഹൈക്കോടതി നിർദേശ പ്രകാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തിരുത്തി. വൈഷ്ണയുടെ പേര് വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയ നടപടി റദ്ദാക്കിയതോടെ മുട്ടടയില്‍ വൈഷ്ണയ്ക്ക് മത്സരിക്കാനുള്ള തടസങ്ങള്‍ നീങ്ങി. വൈഷ്ണയുടെ പേര് തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പറേഷന്‍ 27-ാം വാര്‍ഡ്, മുട്ടട പാര്‍ട്ട് നമ്പര്‍ 5ലെ വോട്ടര്‍ പട്ടികയില്‍ പുനഃസ്ഥാപിക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു. ഇന്നു തന്നെ പേര് പുനസ്ഥാപിച്ച് കമ്മീഷനെ അറിയിക്കണമെന്നും കോര്‍പറേഷന്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്
തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ വൈഷ്ണയുടെ പേരില്ലാതെ വന്നതോടെയാണ് സ്ഥാനാർത്ഥിത്വം പ്രതിസന്ധിയിലായത്. കോർപറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയെന്ന നിലയിലാണ് ഐടി ജീവനക്കാരിയായ വൈഷ്ണയെ കോൺഗ്രസ് അവതരിപ്പിച്ചത്. കോർപറേഷൻ പരിധിയിലെ ഏതെങ്കിലും വാർഡിലെ വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിൽ മാത്രമേ മത്സരിക്കാൻ കഴിയൂ. ഇതോടെ സ്ഥാനാർത്ഥിയെ മാറ്റി നിശ്ചയിക്കേണ്ട അവസ്ഥയിലായിരുന്നു കോൺഗ്രസ് നേതൃത്വം.
വോട്ടർ പട്ടികയിൽ പേരുചേർക്കാൻ നൽകിയ വിലാസത്തിലെ തെറ്റു ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പട്ടികയിൽനിന്ന് പേര് നീക്കിയത്. വൈഷ്ണയുടെ വിലാസം ശരിയല്ലെന്നും പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നുമാവശ്യപ്പെട്ട് സിപിഎം തിരഞ്ഞെടുപ്പ് കമ്മീഷന് നേരത്തേ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വൈഷ്ണയെ കമ്മീഷൻ ഹിയറിങ്ങിനു വിളിപ്പിച്ചിരുന്നു. ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ചെങ്കിലും അന്തിമ വോട്ടർ പട്ടികയിൽ നിന്ന് വൈഷ്ണയുടെ പേര് നീക്കുകയായിരുന്നു.വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടിയ സംഭവത്തിൽ ഹൈക്കോടതി നിർദേശപ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷൻ ഹിയറിങ് നടത്തിയിരുന്നു.വൈഷ്ണയുടെയും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ പരാതി നൽകിയ സിപിഎം ബ്രാഞ്ച് അംഗം ധനേഷ് കുമാറിന്റെയും വാദം കേട്ട കമ്മിഷൻ, തീരുമാനം ഇന്ന് ഉച്ചയ്ക്കു മുൻപ് പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാന്റെ ഓഫീസിൽ ഹിയറിങ് രണ്ടര മണിക്കൂറോളം നീണ്ടു. വോട്ടർ പട്ടികയിൽ നിന്നു പേരു നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറും മറ്റ് അധികൃതരും പ്രവർത്തിച്ചതെന്ന് വൈഷ്ണയ്ക്കു വേണ്ടി ഹാജരായ അഡ്വ.മൃദുൽ ജോൺ മാത്യു കമ്മീഷനെ അറിയിച്ചു. പരാതി നൽകിയ ധനേഷിന്റെ വീട്ടു നമ്പറിൽ 28 വോട്ടർമാരുടെ പേരുണ്ടെന്നും അഭിഭാഷകൻ അറിയിച്ചെങ്കിലും അതിന് ഈ കേസുമായി നേരിട്ടു ബന്ധമില്ലാത്തതിനാൽ പരിഗണിക്കുന്നില്ലെന്ന് കമ്മീഷൻ പറഞ്ഞു.