“ഒരു തെറ്റും ചെയ്തട്ടില്ല കോടതിയിൽ നടക്കുന്ന കാര്യങ്ങളല്ല മാദ്ധ്യമങ്ങളിൽ വരുന്നത്”സൂരജ്.

കോടതിയിൽ ഉത്രയുടെ അച്ഛൻ നൽകിയ മൊഴി ഇനി ആർക്കും മാറ്റാനാകില്ലല്ലോ. ഉത്രയെ കുറിച്ചും തന്റെ കുഞ്ഞിനെ കുറിച്ചുമെല്ലാം പറയുന്നത് കള്ളക്കഥകളാണെന്നും സൂരജ് വിളിച്ചു പറഞ്ഞു

0

കൊല്ലം: താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് ഉത്രവധക്കേസ് പ്രതി സൂരജ്. കോടതിയിൽ നടക്കുന്ന കാര്യങ്ങളല്ല മാദ്ധ്യമങ്ങളിൽ വരുന്നത്. ഉത്രയുടെ അച്ഛൻ കോടതിയിൽ നൽകിയ മൊഴി പരിശോധിച്ചാൽ ഇക്കാര്യം മനസിലാകും. പോലീസ് കോടതിയിൽ പറഞ്ഞത് കള്ളമാണെന്നും സൂരജ് പറഞ്ഞു. ശിക്ഷാവിധിക്കു ശേഷം കോടതിയിൽ നിന്ന് പുറത്തിറക്കിയപ്പോഴാണ് സൂരജിന്റെ പ്രതികരണം.

കോടതിയിൽ ഉത്രയുടെ അച്ഛൻ നൽകിയ മൊഴി ഇനി ആർക്കും മാറ്റാനാകില്ലല്ലോ. ഉത്രയെ കുറിച്ചും തന്റെ കുഞ്ഞിനെ കുറിച്ചുമെല്ലാം പറയുന്നത് കള്ളക്കഥകളാണെന്നും സൂരജ് വിളിച്ചു പറഞ്ഞു. പ്രതികരണം പൂർത്തിയാക്കുന്നതിന് സൂരജിനെ പോലീസ് ഉദ്യോഗസ്ഥർ അനുവദിച്ചില്ല. താൻ ബിഎ വരെ പഠിച്ചിട്ടുണ്ടെന്നും സൂരജ് പറയുന്നുണ്ടായിരുന്നു.

കേസിൽ സൂരജ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി 17 വർഷം തടവിനുശേഷം ഇരട്ടജീവപര്യന്തമാണ് വിധിച്ചിരിക്കുന്നത്. അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. അപൂർവമായ കേസിൽ പ്രതിക്ക് വധശിക്ഷ വിധിക്കാതിരുന്നത് ക്രിമിനൽ പശ്ചാത്തലമില്ലാത്തതും പ്രായവും പരിഗണിച്ചായിരുന്നു. 2020 മെയ് ആറിനാണ് ഉത്ര പാമ്പുകടിയേറ്റ് മരണപ്പെടുന്നത്.

അതേസമയം ഉത്ര വധക്കേസിലെ കോടതി വിധി തൃപ്തികരമാണെന്ന് കേസന്വേഷണത്തിന് നേതൃത്വം നൽകിയ എസ് പി ഹരിശങ്കർ. വിധിപ്പകർപ്പ് പരിശോധിച്ച ശേഷം അപ്പീലുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിയ്‌ക്കുള്ള ശിക്ഷ കോടതിയുടെ വിവേചനാധികാരമാണെന്നും അതിൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പതിനേഴ് വർഷം തടവും അതിന് ശേഷം ജീവപര്യന്തവും എന്നുള്ളത് പോലീസിനെയും പ്രോസിക്യൂഷനെയും സംബന്ധിച്ച് തൃപ്തികരമായ ശിക്ഷയാണ്. നാല് കുറ്റങ്ങളിൽ മൂന്ന് എണ്ണത്തിലും പരമാവധി ശിക്ഷയാണ് ലഭിച്ചത്. തൂക്കുകയർ ലഭിച്ചില്ലെന്നത് മാത്രമാണ് അതിലെ കുറവ് എന്നും അദ്ദേഹം വ്യക്തമാക്കി.

You might also like

-