ഇസ്രയേൽ -ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ഖത്തറിന് നന്ദി പറഞ്ഞ് യുഎസ്

മാനുഷിക സഹായവുമായി അറുനൂറ് ട്രക്കുകൾ ഓരോ ദിവസവും ​ഗാസയിൽ എത്തും. പകുതി ട്രക്കുകൾ ഗാസ മുനമ്പിന് വടക്കോട്ട് പോകുകയും ബാക്കിയുള്ളവ തെക്ക് ഭാഗത്തേക്ക് പോകുകയും ചെയ്യും. ഗാസയുടെ പ്രധാന തെരുവുകളിൽ പ്രാദേശിക സുരക്ഷാ സേനയെ പുനർവിന്യസിച്ചതായി ഗാസ ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ടെൽ അവീവ് | ഇസ്രയേൽ ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തിൽ വന്നതോടെ ഖത്തറിന് നന്ദി പറഞ്ഞ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍. മധ്യസ്ഥ ചർച്ചകളിൽ ഖത്തർ നിർണായക പങ്കുവഹിച്ചെന്ന് ആന്റണി ബ്ലിങ്കൻ വ്യക്തമാക്കി. ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുളള ശ്രമങ്ങള്‍ക്ക് ബ്ലിങ്കൻ ഖത്തറിന് നന്ദി അറിയിച്ചു. സമാധാനം നിലനിര്‍ത്തുന്നതിന് ഇനിയും ഖത്തറിന്റെ ഭാ​ഗത്ത് നിന്നും നിരന്തര ശ്രമം ഉണ്ടാകണമെന്നും ആന്‍റണി ബ്ലിങ്കന്‍ അഭ്യർഥിച്ചു. ദോഹയിൽ നടന്ന മധ്യസ്ഥ ചർച്ചയാണ് യുദ്ധം അവസാനിപ്പിക്കാൻ ഇടയാക്കിയത്. അമേരിക്കയുടെ പിന്തുണയോടെ ഈജിപ്തും ഖത്തറും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് നിര്‍ണായക കരാര്‍ യഥാര്‍ത്ഥ്യമായത്. വെടിനിർത്തൽ കരാർ ഇസ്രയേലും ഹമാസും അം​ഗീകരിക്കുകയായിരുന്നു.
ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെ ഈജിപ്‌തിൽ നിന്ന് പ്രഥമ ശുശ്രൂഷാ ട്രക്കുകൾ ഗാസയിലേക്ക് എത്തി.

മാനുഷിക സഹായവുമായി അറുനൂറ് ട്രക്കുകൾ ഓരോ ദിവസവും ​ഗാസയിൽ എത്തും. പകുതി ട്രക്കുകൾ ഗാസ മുനമ്പിന് വടക്കോട്ട് പോകുകയും ബാക്കിയുള്ളവ തെക്ക് ഭാഗത്തേക്ക് പോകുകയും ചെയ്യും. ഗാസയുടെ പ്രധാന തെരുവുകളിൽ പ്രാദേശിക സുരക്ഷാ സേനയെ പുനർവിന്യസിച്ചതായി ഗാസ ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. വെടിനിർത്തൽ കരാർ നടപ്പിലാക്കുന്നത് നിരീക്ഷിക്കാൻ ഖത്തർ, യുണൈറ്റഡ് സ്‌റ്റേറ്റ്സ് എന്നിവിടങ്ങളിൽ നിന്നുള്ള മധ്യസ്ഥരും കെയ്‌റോയിൽ എത്തിയതായി റിപ്പോർട്ടുകളുണ്ട്. തകർന്നടിഞ്ഞ ​ഗാസയിലേക്ക് പലസ്തീൻകാർ കൂട്ടമായി തിരിച്ചെത്തി. തിരിച്ചെത്തിയവർ കൊല്ലപ്പെട്ട ബന്ധുക്കളുടെ കബറിടങ്ങളിൽ പ്രാർഥന നടത്തി. സൈന്യം ഒഴിഞ്ഞുപോയ പട്ടണങ്ങളിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നഷ്ടമായവർക്കുവേണ്ടിയുള്ള തിരച്ചിലും നടക്കുകയാണ്. അതേ സമയം ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ 46,000ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്.മൂന്ന് ഘട്ടങ്ങളായാണ് കരട് വെടിനിർത്തൽ കരാ‍ർ വിഭാവനം ചെയ്തിരിക്കുന്നത്. കരാർ പ്രാബല്യത്തിൽ വരുന്ന ആദ്യത്തെ ആറാഴ്ച കാലയളവിനുള്ളിൽ ബന്ദികളെ പരസ്പരം മോചിപ്പിക്കും.രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ടങ്ങൾ സംബന്ധിച്ച് ധാരണയായിട്ടില്ലെന്നാണ് റിപ്പോ‍ർട്ട്. എന്നാൽ ചർച്ചകൾ ആസൂത്രണം ചെയ്തതുപോലെ തുടരുമെന്നും ആദ്യ ഘട്ടം അവസാനിക്കുന്നതിന് മുമ്പ് രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ടങ്ങൾ നടപ്പിലാക്കുന്നതിനുള്ള കരാറിനായി സമ്മർദ്ദം ചെലുത്തുമെന്നും മൂന്ന് മധ്യസ്ഥർ ഹമാസിന് വാക്കാലുള്ള ഉറപ്പ് നൽകിയതായി ഈജിപ്ഷ്യൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എപി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

You might also like

-