ഹോം ഓഫ് ഹോപ് വെർച്വൽ ഇവന്റ് ഒക്ടോബർ 3ന്
കഴിഞ്ഞ വർഷം മാത്രം ഇന്ത്യയിലെ ഏകദേശം 50,000 കുട്ടികളെ ഏറ്റെടുത്ത് സമൂഹത്തിലേക്ക് കൈപിടിച്ചു ഉയർത്തുവാൻ കഴിഞ്ഞതായി സംഘാടകർ പറയുന്നു.
കലിഫോർണിയ ∙ ഹോം ഓഫ് ഹോപ്(Home of Hope) 20–ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വെർച്വൽ ഇവന്റ് ഒക്ടോബർ 3ന് സംഘടിപ്പിക്കുന്നു. അംഗവൈകല്യം സംഭവിച്ച, മാനസിക വളർച്ചയില്ലാത്ത, നിരാശ്രയരായ, സമൂഹത്തിൽ നിന്നും തള്ളപ്പെട്ട കുട്ടികളെ ഏറ്റെടുത്ത് അവരെ സമൂഹത്തിലേക്ക് കൂട്ടികൊണ്ടു വന്ന് സ്വയം പര്യാപ്തതയിലേക്ക് എത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ അമേരിക്കൻ പത്തോളജിസ്റ്റ് ഡോ. നീലിമ സബർവാളിന്റെ നേതൃത്വത്തിൽ സ്ഥാപിതമായ നോൺ പ്രോഫിറ്റ് ഓർഗനൈസേഷനാണിത്.
കഴിഞ്ഞ വർഷം മാത്രം ഇന്ത്യയിലെ ഏകദേശം 50,000 കുട്ടികളെ ഏറ്റെടുത്ത് സമൂഹത്തിലേക്ക് കൈപിടിച്ചു ഉയർത്തുവാൻ കഴിഞ്ഞതായി സംഘാടകർ പറയുന്നു.സംഘടന ആരംഭിച്ച് 20 വർഷത്തിനുള്ളിൽ 265,000 കുട്ടികളുടെ ജീവിതത്തിൽ സമൂല പരിവർത്തനം ഉണ്ടാക്കുന്നതിന് കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് സ്ഥാപക ഡോ. നിലീമ പുറത്തിറക്കിയ സ്റ്റേറ്റ്മെന്റിൽ പറയുന്നു. ഇവർക്ക് വിദ്യാഭ്യാസവും, വൊക്കേഷനൽ ട്രയ്നിംഗും, കംപ്യൂട്ടർ പരിശീലനവും നൽകിയിട്ടുണ്ട്.
മൊബൈൽ ലൈബ്രറികളിലൂടെ 23,000 കുട്ടികൾക്ക് പഠനത്തിനാവശ്യമായ പുസ്തകങ്ങളും ബധിരരായ 1877 കുട്ടികൾക്ക് സൈൻ ലാഗ്വേജും പരിശീലനവും നൽകാൻ കഴിഞ്ഞതായും ഡോക്ടർ അറിയിച്ചു. പാൻഡമിക് ആരംഭിച്ച ശേഷം അഭ്യുദയകാംഷികൾ നൽകിയ സംഭാവന ഉപയോഗിച്ചു 317410 പേർക്ക് 326200 കിലൊ ഭക്ഷണ പദാർഥങ്ങൾ നൽകുന്നതിനും സംഘടനക്കു കഴിഞ്ഞു.
ഒക്ടോബർ 3ന് നടക്കുന്ന വെർച്വൽ ഇവന്റിൽ പങ്കെടുക്കുന്നതിന് https://hohinc.org ൽ രജിസ്ട്രർ ചെയ്യണമെന്ന് സംഘാടകർ അഭ്യർഥിച്ചു.