അമേരിക്കയിലെ പത്തു മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ ഇന്ത്യന്‍ വംശജനും, പ്രതിഫലം ഒരുലക്ഷം ഡോളറായി വര്‍ധിപ്പിച്ചു
അമേരിക്കയിലെ കൊടുംകുറ്റവാളികളായ പത്തുപേരുടെ പട്ടികയിലാണ് പട്ടേലിന്റെ സ്ഥാനം
ന്യൂയോര്‍ക്ക്: ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അമേരിക്കയിലും, ഇന്ത്യയിലുമായി നാലുവര്‍ഷത്തോളമായി തെരഞ്ഞുവന്നിരുന്ന ഇന്ത്യന്‍ അമേരിക്കന്‍ വംശജനായ അഹമ്മദാബാദില്‍ നിന്നുള്ള ബദ്രീഷ് കുമാര്‍ പട്ടേലിനെ (29) കണ്ടെത്തുന്നവര്‍ക്കോ, വിവരം നല്‍കുന്നവര്‍ക്കോ നല്‍കുന്ന പ്രതിഫലം ഒരു ലക്ഷം (100,000) ഡോളറാക്കി ഉയര്‍ത്തിയതായി എഫ്ബിഐയുടെ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
അമേരിക്കയിലെ കൊടുംകുറ്റവാളികളായ പത്തുപേരുടെ പട്ടികയിലാണ് പട്ടേലിന്റെ സ്ഥാനം. മേരിലാന്റ് ഹാനോവര്‍ ഡക്കില്‍ ഡോണറ്റ് സ്റ്റോറിലെ ജീവനക്കാരായിരുന്ന പട്ടേലും, ഭാര്യ പലേക്കും (21). 2015 ഏപ്രില്‍ 12-നായിരുന്നു പലേക്കിനെ കൊല്ലപ്പെട്ട നിലയില്‍ ഡോണറ്റ് സ്റ്റോറിനു പുറകില്‍ കണ്ടെത്തിയത്. ശരീരത്തില്‍ നിരവധി കുത്തുകള്‍ ഏറ്റിരുന്നു.
നൈറ്റ് ഷിഫ്റ്റിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്. ഇവര്‍ ഡോണറ്റ് സ്റ്റോറിന്റെ അടുക്കളയിലേക്ക് ഒരുമിച്ച് പോകുന്ന ദൃശ്യങ്ങള്‍ കാമറിയില്‍ പതിഞ്ഞിരുന്നു. യാതൊരു ഭാവഭേദവുമില്ലാതെ പട്ടേല്‍ തിരിച്ചെത്തി സമീപത്തുള്ള അപ്പാര്‍ട്ട്‌മെന്റിലെത്തി അവിടെനിന്നും ഒരു ടാക്‌സിയില്‍ ന്യൂവാര്‍ക്ക് വിമാനത്താവളത്തിനു സമീപമുള്ള ഹോട്ടലിലെത്തിയതായും കാമറയിലുണ്ട്. ഇതിനുശേഷം പട്ടേലിനെക്കുറിച്ച് ഒരു വിവരവും പോലീസിനു ലഭിച്ചിട്ടില്ല. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ അന്വേഷിച്ചുവെങ്കിലും ഫലപ്രാപ്തിയിലെത്തിയില്ല. ഈ സാഹചര്യത്തിലാണ് എഫ്ബിഐ പുതിയ അവാര്‍ഡ് തുക പ്രഖ്യാപിച്ചത്.