അമേരിക്കയിലെ ഇന്ത്യന്‍ വംശജരില്‍ 6.5 ശതമാനം പേര്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയെന്ന് സര്‍വ്വെ
ജോണ്‍ ഹോപ്കിന്‍സ് അഡ്വാന്‍സ്ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ ഗവേഷകരായ ദേവേഷ് കപൂര്‍, ജെഷന്‍ ബജ്‌വത്ത് എന്നിവരാണ് പുതിയ സര്‍വ്വെ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്
സാന്‍ഫ്രാന്‍സിസ്‌കോ: അമേരിക്കയിലെ 4.2 മില്യന്‍ ഇന്ത്യന്‍- അമേരിക്കന്‍ വംശജരില്‍ 6.5 ശതമാനം പേര്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്നുവെന്ന് ഒക്‌ടോബര്‍ ഒന്നിന് പ്രസിദ്ധീകരിച്ച സര്‍വ്വെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജോണ്‍ ഹോപ്കിന്‍സ് അഡ്വാന്‍സ്ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ ഗവേഷകരായ ദേവേഷ് കപൂര്‍, ജെഷന്‍ ബജ്‌വത്ത് എന്നിവരാണ് പുതിയ സര്‍വ്വെ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.അമേരിക്കയിലെ ഏറ്റവും സ്വാധീനമുള്ള ജനവിഭാഗങ്ങളില്‍ മദ്ധ്യവര്‍ത്തികളായ ഇന്ത്യന്‍ വംശജരുടെ വാര്‍ഷിക വരുമാനം 120,000 ഡോളറായിട്ടാണ് കണക്കാക്കിയിരുന്നത്. യു.എസ് സെന്‍സസ് കണക്കുകള്‍ അനുസരിച്ച് 4.2 മില്യന്‍ ഇന്ത്യന്‍ അമേരിക്കക്കാരില്‍ 250,000 പേര്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. പഞ്ചാബി, ബംഗാളി വിഭാഗത്തിലാണ് ഇത്തരക്കാര്‍ കൂടുതലുള്ളതെന്നും ഏഷ്യന്‍ പ്രോഗ്രാം ഡയറക്ടര്‍ ദേവേഷ് കപൂര്‍ പറയുന്നു.
അമേരിക്കയില്‍ നാശംവിതച്ചുകൊണ്ടിരിക്കുന്ന കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് തകര്‍ന്ന ആരോഗ്യ- സാമ്പത്തിക മേഖല ഏറ്റവും കൂടുതല്‍ ബാധിച്ചത് ഇന്ത്യന്‍ സമൂഹത്തെ ആണ്. എന്നാല്‍ അമേരിക്കയിലെ വൈറ്റ് – ബ്ലാക്ക് – ഹിസ്പാനിക് വിഭാഗം ഇന്ത്യന്‍ വംശജരേക്കാള്‍ കൂടുതല്‍ മഹാമാരിയുടെ ദുരന്തഫലങ്ങള്‍ അനുഭവിക്കുന്നവരാണെന്ന് സര്‍വ്വെ ചൂണ്ടിക്കാട്ടിയിരിക്കുന്നു.
അമേരിക്കന്‍ ലേബര്‍ ഫോഗ്‌സിന്റെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ നല്ലൊരു ശതമാനം ഇന്ത്യന്‍- അമേരിക്കന്‍ വംശജര്‍ അവരുടെ പരിധിയില്‍ ഉള്‍പ്പെടുന്നില്ലെന്നും, മാത്രമല്ല കൃത്യമായ രേഖകള്‍ ഇല്ലാതെ അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയവരാണെന്നുമാണ് പഠന റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നത്