മദ്യലഹരിയിൽ തമ്മിൽതല്ലിയ സിറ്റി മേയറേയും ഭര്‍ത്താവിനേയും പോലീസ് ജയിലില്‍ അടച്ചു
മുഖത്തും കണ്ണിലും പരുക്കേറ്റ ഇരുവരേയും പൊലീസ് പ്രഥമ ചികിത്സ നടത്തിയശേഷം അറസ്റ്റ് ചെയ്തു ജയിലിലടച്ചു.
ഇലംവുഡ് (ഒഹായൊ): ഇലംവുഡ് മേയര്‍ വില്യം വില്‍സനും ഭര്‍ത്താവ് വില്യം സ്മിത്തും മദ്യപിച്ചു തമ്മില്‍ അടിയുണ്ടാക്കിയതിന് ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചു. ജൂണ്‍ 25 തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. സിന്‍സിയാറ്റി പ്രൈഡ് പരേഡ് ആന്റ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനിടയിലാണ് ഇരുവരും തമ്മില്‍ തര്‍ക്കം ആരംഭിച്ചത്.
വില്‍സന്റെ പാര്‍ട്‌നര്‍ സ്മിത്തും മറ്റൊരാളും ഫെസ്റ്റിവലില്‍ നിന്നും മടങ്ങുന്നതിനു തീരുമാനിച്ചതാണു വില്‍സനെ പ്രകോപിപ്പിച്ചത്. വില്‍സന് അവിടെ കൂടുതല്‍ സമയം നില്‍ക്കണമെന്നായിരുന്നു ആഗ്രഹം.ഇരുവരും മനസ്സില്ലാ മനസ്സോടെ കാറില്‍ മടക്കയാത്ര ആരംഭിച്ചു. വീട്ടിലേക്കുള്ള വഴിയില്‍ വച്ച് ഇരുവരും കലഹിക്കുകയും, വീട്ടിലെത്തിയ ശേഷം അടിയുണ്ടാക്കുകയുമായിരുന്നു.
സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ ഇലംവുഡ് പൊലീസ് കണ്ടത് വീടു മുഴുവന്‍ അടിച്ചു തകര്‍ത്ത് രക്തം ഒലിപ്പിച്ചു നില്‍ക്കുന്ന മേയറേയും ഭര്‍ത്താവിനേയുമാണ്.മുഖത്തും കണ്ണിലും പരുക്കേറ്റ ഇരുവരേയും പൊലീസ് പ്രഥമ ചികിത്സ നടത്തിയശേഷം അറസ്റ്റ് ചെയ്തു ജയിലിലടച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം പരസ്പരം പഴി ചാരുന്നതിനാണ് മേയറും സ്മിത്തും ശ്രമിച്ചതെന്ന് അറസ്റ്റ് ചെയ്ത പൊലീസ് ഓഫിസര്‍ സെര്‍ജന്റ് റോബര്‍ട്ട് മെക്കോടണല്‍ പറഞ്ഞു. ഡൊമസ്റ്റിക് വയലന്‍സിന് ഇവര്‍ക്കെതിരെ കേസ് ചാര്‍ജു ചെയ്തിട്ടുണ്ട്