അമ്പലപ്പുഴയിൽ ജി സുധാകരനെ യുഡിഎഫ് പിന്തുണയ്ക്കും

അമ്പലപ്പുഴയിൽ സുധാകരൻ സ്വതന്ത്രനായി മത്സരിക്കുന്നത് എൽഡിഎഫിനും സിപിഎമ്മിനും തിരിച്ചടിയാണ്.സുധാകരൻ സിപിഎം വിട്ടതിന് പിന്നാലെ കോൺഗ്രസ് നേതാക്കളുമായി സംസാരിച്ചിരുന്നുവെങ്കിലും അമ്പലപ്പുഴയിലെ പിന്തുണ യുഡിഎഫ് അന്ന് പ്രഖ്യാപിച്ചിരുന്നില്ല.

ആലപ്പുഴ| അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുൻ മന്ത്രി ജി സുധാകരനെ യുഡിഎഫ് പിന്തുണയ്ക്കും. അമ്പലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ നിർത്തില്ല. ഇതു സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം തീരുമാനം എടുത്തതായാണ് വിവരം. ഔദ്യോഗിക തീരുമാനം കോൺഗ്രസ് ഉടൻ പ്രഖ്യാപിക്കും. എച്ച്‌ സലാമാണ് അമ്പലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർത്ഥി.
പാർട്ടിയിലെ ചിലരുടെ ഭാഗത്തു നിന്നുണ്ടായ അപമാനകരവും വിഷമകരവുമായ പെരുമാറ്റമാണ് മത്സരമെന്ന തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് സുധാകരൻ വ്യക്തമാക്കിയിരുന്നു. അമ്പലപ്പുഴയിൽ സുധാകരൻ സ്വതന്ത്രനായി മത്സരിക്കുന്നത് എൽഡിഎഫിനും സിപിഎമ്മിനും തിരിച്ചടിയാണ്.സുധാകരൻ സിപിഎം വിട്ടതിന് പിന്നാലെ കോൺഗ്രസ് നേതാക്കളുമായി സംസാരിച്ചിരുന്നുവെങ്കിലും അമ്പലപ്പുഴയിലെ പിന്തുണ യുഡിഎഫ് അന്ന് പ്രഖ്യാപിച്ചിരുന്നില്ല. സുധാകരനുള്ള പിന്തുണ കഴിഞ്ഞ ദിവസങ്ങളിലാണ് യുഡിഎഫ് നേതാക്കൾക്കിടയിൽ ചർച്ചയാകുന്നത്. നേതാക്കൾ സുധാകരനുമായും ചർച്ച നടത്തി. സുധാകരനും പിന്തുണ സ്വീകരിക്കാൻ തയാറായതോടെയാണ് അമ്പലപ്പുഴയിലെ പിന്തുണ പരസ്യമായത്. എന്നാൽ അമ്പലപ്പുഴയിൽ സുധാകരനെതിരെ വ്യാപക വിമർശനമാണ് സിപിഎം അഴിച്ചുവിടുന്നത്.
ഘടകകക്ഷികളുമായി ചർച്ച നടത്തിയ ശേഷമാണ് സുധാകരനെ പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. സുധാകരനെ ഉടൻ തന്നെ കോൺഗ്രസ് നേതാക്കൾ കണ്ട് പിന്തുണ അറിയിക്കും. താൻ ആരുടേയും പിന്തുണ തേടില്ലെന്നും പിണറായി മൂന്നാമതും മുഖ്യമന്ത്രിയായാൽ സന്തോഷമെന്നുമായിരുന്നു സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തികൊണ്ടുള്ള വാർത്താസമ്മേളനത്തിൽ സുധാകരൻ പറഞ്ഞിരുന്നത്.ഈ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന കാര്യത്തിൽ ജില്ലയിലെ ചില നേതാക്കൾ കെപിസിസിയെയും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെയും അമർഷം അറിയിച്ചിരുന്നു. എന്നാൽ, സുധാകരന്റെ പരാമർശം, വിട്ടുപോന്ന പാർട്ടിയിൽനിന്ന് വോട്ടു ലഭിക്കാനുള്ള നീക്കമായി കണ്ടാൽ മതിയെന്നും അണികളെ ബോധ്യപ്പെടുത്താൻ കഴിയുമെന്നും കോൺഗ്രസ് നേതൃത്വം വിശ്വസിക്കുന്നു.

 

You might also like

-