‘സാധാരണക്കാര്‍ക്കും പാവങ്ങള്‍ക്കും നല്‍കാത്ത സൗജന്യ കിറ്റ് യുഡിഎഫ് ജനപ്രതിനിധികള്‍ സ്വീകരിക്കില്ല’: വി.ഡി. സതീശൻ
കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമാണ് ഇത്തവണ ഓണക്കിറ്റ് നല്‍കുന്നത്. അതുതന്നെ പൂര്‍ണതോതില്‍ നല്‍കാന്‍ കഴിഞ്ഞിട്ടുമില്ല. സാധാരണക്കാര്‍ക്കും പാവങ്ങള്‍ക്കും നല്‍കാത്ത സൗജന്യ കിറ്റ് യുഡിഎഫ് ജനപ്രതിനിധികളും സ്വീകരിക്കില്ല.
തിരുവനന്തപുരം: സപ്ലൈകോയുടെ ജനപ്രതിനിധികള്‍ക്കുള്ള ഓണക്കിറ്റ് സ്വീകരിക്കില്ലെന്ന് പ്രതിപക്ഷം. സാധാരണക്കാരായ ജനങ്ങള്‍ക്ക് നല്‍കാത്ത കിറ്റ് വേണ്ടെന്നാണ് തീരുമാനം. ഇക്കാര്യം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സപ്ലൈകോയെ അറിയിച്ചു. മന്ത്രിമാര്‍ക്കും നിയമസഭാംഗങ്ങള്‍ക്കും എംപിമാർക്കും കിറ്റ് നല്‍കുമെന്നായിരുന്നു സപ്ലൈകോയുടെ പ്രഖ്യാപനം.
ഓണത്തോടനുബന്ധിച്ച് എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും സപ്ലൈകോ നല്‍കുന്ന സൗജന്യ കിറ്റ് യുഡിഎഫ് ജനപ്രതിനിധികള്‍ സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അറിയിച്ചു.
കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമാണ് ഇത്തവണ ഓണക്കിറ്റ് നല്‍കുന്നത്. അതുതന്നെ പൂര്‍ണതോതില്‍ നല്‍കാന്‍ കഴിഞ്ഞിട്ടുമില്ല. സാധാരണക്കാര്‍ക്കും പാവങ്ങള്‍ക്കും നല്‍കാത്ത സൗജന്യ കിറ്റ് യുഡിഎഫ് ജനപ്രതിനിധികളും സ്വീകരിക്കില്ല. ഇക്കാര്യം സപ്ലൈകോയെ അറിച്ചു- പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
മഞ്ഞ കാർഡ് ഉടമകൾക്ക് വിതരണംചെയ്യാൻ മതിയായ ഓണക്കിറ്റുകൾ ഞായറാഴ്ചയാണ് റേഷൻകടകളിലെത്തിയത്. ആറുലക്ഷം പേര്‍ക്ക് കിറ്റ് വിതരണം ചെയ്യാനുള്ളതില്‍ 3.12 ലക്ഷം കിറ്റുകളാണ് ഇതുവരെ വിതരണം പൂര്‍ത്തിയാക്കിയത്. വൈകുന്നേരത്തോടെ അര്‍ഹരായ മുഴുവന്‍പേര്‍ക്കും കിറ്റുകള്‍ ലഭ്യമാക്കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍ വ്യക്തമാക്കി. എന്നാല്‍ തൃശൂര്‍, എറണാകുളം, കോഴിക്കോട് ജില്ലകളിലെ പല റേഷന്‍ കടകളിലും കിറ്റുകള്‍ കിട്ടാനില്ലെന്ന് പരാതിയുണ്ട്. റേഷൻകടകൾ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ തുറന്ന് വിതരണം പൂർത്തിയാക്കാനാണ് ഭക്ഷ്യവകുപ്പിന്റെ നിർദേശം.