യു.ഡി.എഫ് ന്റെ നിയമസഭാ സ്പീക്കർ സ്ഥാനാർഥി പി.സി വിഷ്ണുനാദ്
എം.ബി രാജേഷാണ് എൽഡിഎഫിന്റെ സ്പീക്കർ സ്ഥാനാർഥി
തിരുവനന്തപുരം: യു.ഡി.എഫ് ന്റെ നിയമസഭാ സ്പീക്കർ സ്ഥാനാർഥിയായി പി.സി വിഷ്ണുനാഥിനെ തീരുമാനിച്ചു. ചൊവ്വാഴ്ചയാണ് സ്പീക്കർ തെരഞ്ഞെടുപ്പ്. എം.ബി രാജേഷാണ് എൽഡിഎഫിന്റെ സ്പീക്കർ സ്ഥാനാർഥി. ഇന്ന് ഉച്ചവരെ മത്സരിക്കുന്നതിനുള്ള നാമനിര്‍ദേശ പത്രിക നല്‍കാം. പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമായി. ആദ്യ ദിനത്തിൽ എം.എൽ.എമാരുടെ സത്യപ്രതിജ്ഞയാണ് ചടങ്ങാണ് നടക്കുന്നത്. പ്രോടേം സ്പീക്കര്‍ പിടിഎ റഹീമിനു മുമ്പാകെയാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്.
ഈ മാസം 28-ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപനം നടത്തും. ജനുവരി 21-നായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന നയപ്രഖ്യാപനം. പുതുക്കിയ ബജറ്റ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ജൂണ്‍ നാലിന് അവതരിപ്പിക്കും. ജൂണ്‍ 14 വരെ 14 ദിവസം സമ്മേളനത്തിന് തീരുമാനിച്ചിട്ടുണ്ട്.
ഭരണത്തുടർച്ചയിലൂടെ പിണറായി വിജയൻ മുഖ്യമന്ത്രിയായി തുടരുന്നതും പ്രതിപക്ഷ നേതാവായി പുതിയ നായകൻ വിഡി സതീശൻ എത്തുന്നതും ഈ സഭയുടെ സവിശേഷതയാണ്. കഴിഞ്ഞ തവണ കേരള നിയമസഭയിൽ ആദ്യമായി സാന്നിധ്യമറിയിച്ച ബിജെപിക്ക് ഇക്കുറി പ്രാതിനിധ്യമില്ലാതായി. പതിനാലാം നിയമസഭയിൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ തന്നെയാണ് പതിനഞ്ചാം സഭയിലും മുഖ്യമന്ത്രിയെങ്കിലും ഭൂരിപക്ഷം മന്ത്രിമാരും പുതുമുഖങ്ങളാണ്. നിലവിലെ മന്ത്രിമാരിൽ കെ കൃഷ്ണൻകുട്ടിയും, എ.കെ ശശീന്ദ്രനും മാത്രമാണ് മുൻ പിണറായി മന്ത്രിസഭയിലും അംഗങ്ങളായിരുന്നവർ. ജൂൺ 14 വരെയാണ് നിയമസഭ സമ്മേളിക്കുന്നത്.