യു എസ് സുപ്രീം കോടതി ജഡ്ജി റൂത്ത് ജിൻസബർഗ് അന്തരിച്ചു
യുഎസ് സുപ്രീം കോടതിയിൽ നിയമിതയായ രണ്ടാമത്തെ വനിതാ ജഡ്ജിയായിരുന്ന റൂത്ത്, 1993 ൽ ബിൽ ക്ലിന്റനാണ് ഇവരെ സുപ്രീം കോടതിയിലേക്ക് നോമിനേറ്റു ചെയ്തത്
വാഷിങ്ടൻ ∙ യുഎസ് സുപ്രീം കോടതി ജഡ്ജി റൂത്ത് ബദർ ജിൻസബർഗ് അന്തരിച്ചു. 87 വയസ്സായിരുന്നു. ദീർഘനാളായി പാൻക്രിയാസ് കാൻസറിന് ചികിത്സയിലായിരുന്നു.27 വർഷം യുഎസ് സുപ്രീം കോടതി ജഡ്ജിയായിരുന്നു. സുപ്രധാന ഭരണഘടന പ്രഖ്യാപനങ്ങൾ നടത്തി. സുപ്രീം കോടതിയിൽ അറിയപ്പെടുന്ന ലിബറൽ നേതാവുമായിരുന്നു. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് മുഖ്യപരിഗണന നൽകുയും ചെയ്തിരുന്നു.
യുഎസ് സുപ്രീം കോടതിയിൽ നിയമിതയായ രണ്ടാമത്തെ വനിതാ ജഡ്ജിയായിരുന്ന റൂത്ത്, 1993 ൽ ബിൽ ക്ലിന്റനാണ് ഇവരെ സുപ്രീം കോടതിയിലേക്ക് നോമിനേറ്റു ചെയ്തത്.
ന്യുയോർക്ക് ബ്രൂക്ക്‌ലിനിലാണ് റൂത്ത് ജനിച്ചു വളർന്നത്. ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിനുശേഷം കോർണൽ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും കൊളംമ്പിയ യൂണിവേഴ്സിറ്റിയിൽ നിന്നു നിയമ ബിരുദവും കരസ്ഥമാക്കി.
1980 ൽ പ്രസിഡന്റ് ജിമ്മി കാർട്ടർ ഇവരെ യുഎസ് കോർട്ട് ഓഫ് അപ്പീൽസ് ഫോർ ദി ഡിസ്ട്രിക്ട് ഓഫ് കൊളംമ്പിയായിൽ നിയമിച്ചു. ഇവിടെ നിന്നാണ് ഇവർ സുപ്രീം കോടതിയിൽ എത്തുന്നത്. അന്തരിച്ച മാർട്ടിൻ ജിൻസ് ബർഗാണ് ഭർത്താവ്. ജയ്ൻ, ജയിംസ് എന്നിവർ മക്കളാണ്. ആർലിംഗ്ടൻ നാഷണൽ സെമിട്രിയിലാണ് അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്.