റിസോർട്ടിൽ കഞ്ചാവ് ചെടിനാട്ടു വളർത്തുകയും കഞ്ചാവും മയക്കമരുന്നു കണ്ടെത്തിയ സംഭവത്തിൽ രണ്ട് വിദേശ പൗരന്മാർക്ക് കഠിന തടവും പിഴയും
റിസോർട്ടിൽ കഞ്ചാവ് ചെടിനാട്ടു വളർത്തിയതുമായി ബന്ധപ്പെട്ട കേസിൽ രണ്ട് വിദേശ പൗരന്മാർക്ക് കഠിന തടവും പിഴ ശിക്ഷയും വിധിച്ച് കോടതി.
തൊടുപുഴ | റിസോർട്ടിൽ കഞ്ചാവ് ചെടിനാട്ടു വളർത്തിയതുമായി ബന്ധപ്പെട്ട കേസിൽ രണ്ട് വിദേശ പൗരന്മാർക്ക് കഠിന തടവും പിഴ ശിക്ഷയും വിധിച്ച് കോടതി. ഇടുക്കിയിലെ റിസോർട്ടിലിരുന്ന് ബോറടിച്ചപ്പോഴാണ് പ്രതികൾ ചെടിച്ചട്ടിയിൽ കഞ്ചാവ് ചെടി വളർത്തിയതെന്നാണ് പ്രോസിക്യുഷൻ വാദം . ഈജിപ്ഷ്യൻ പൗരനായ ഏദൽ, ജർമൻ പൗരനായ അൾറിച്ച് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. വിദേശികൾ റിസോർട്ട് ഉടമയോ നടത്തിപ്പുകാരോ അറിയാതെയാണ് കഞ്ചാവ് ചെടി വളർത്തിയതെന്നാണ് എക്‌സൈസ് നൽകുന്ന വിവരം.
2016ലാണ് കേസിന് ആസ്പദമായ സംഭവം. പ്രതികളുടെ ഉടമസ്ഥതയിലുള്ള തേക്കടിയിലെ റിസോർട്ടില്‍ അഞ്ച് കഞ്ചാവ് ചെടികള്‍ നട്ടുനനച്ച് വളർത്തിയതായി കണ്ടെത്തിയിരുന്നു. കൂടാതെ 90 ഗ്രാം ഉണക്കിയ കഞ്ചാവും, 90 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുക്കുകയുമുണ്ടായി. കഞ്ചാവ് ചെടി വളർത്തിയതിനാണ് നാല് വർഷം കഠിന തടവ്. ഒരു ലക്ഷം പിഴയൊടുക്കിയില്ലെങ്കില്‍ തടവ് ഒരു വർഷം കൂടി നീളും. ഉണക്കിയ കഞ്ചാവും ഹാഷിഷ് ഓയിലും കൈവശം വെച്ചതിന് ഒരു മാസം തടവും പതിനായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴയൊടുക്കിയില്ലെങ്കില്‍ തടവ് രണ്ട് മാസമാകും. തൊടുപുഴ എന്‍.ഡി.പി.എസ് കോടതിയുടേതാണ് ശിക്ഷാ വിധി. പ്രതികള്‍ക്കെതിരായ നടപടി അതാത് രാജ്യങ്ങളെ രേഖാമൂലം അറിയിക്കും. അതേസമയം, ആദില്‍ മുഹമ്മദിനെയും, അള്‍റിക് റിറ്റ്ചറിനെയും കേസില്‍ പെടുത്തിയതാണെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. കോടതി നടപടിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.