പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തമിഴ്‌നാട് സ്വദേശിയായ പാസ്റ്റര്‍ അറസ്റ്റില്‍
സോഷ്യല്‍മീഡിയയില്‍ നിരവധി ഫോളോവേഴ്‌സുള്ള വ്യക്തിയാണ് ജോണ്‍ ജെബരാജ്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെൺക്കുട്ടികളെ പീഡിപ്പിച്ചെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.

മൂന്നാർ |പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തമിഴ്‌നാട് സ്വദേശിയായ പാസ്റ്റര്‍ അറസ്റ്റില്‍. കോയമ്പത്തൂര്‍ കിങ്‌സ് ജനറേഷന്‍ ചര്‍ച്ചിലെ പാസ്റ്ററായ ജോണ്‍ ജെബരാജ് എന്നയാളാണ് അറസ്റ്റിലായത്. മൂന്നാറില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്.
സോഷ്യല്‍മീഡിയയില്‍ നിരവധി ഫോളോവേഴ്‌സുള്ള വ്യക്തിയാണ് ജോണ്‍ ജെബരാജ്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെൺക്കുട്ടികളെ പീഡിപ്പിച്ചെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. മാസങ്ങളായി ഒളിവിലായിരുന്ന ഇയാള്‍ മൂന്നാറിലുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് എത്തി അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.പാസ്റ്ററെ പിടികൂടാനായി കോയമ്പത്തൂര്‍ സിറ്റി പൊലീസ് ഒന്നിലധികം ടീമുകളേയും വിന്യസിച്ചിരുന്നു. രാജ്യം വിട്ടുപോകാതിരിക്കാന്‍ ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. പോക്‌സോ പ്രകാരമാണ് പാസ്റ്റര്‍ക്കെതിരെ കേസെടുത്തത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീട്ടില്‍ പ്രാര്‍ത്ഥനാ ചടങ്ങിനെത്തിയ രണ്ട് കുട്ടികളെ ഉപദ്രവിക്കുകയായിരുന്നു. ഇവരില്‍ ഒരാള്‍ തന്റെ ബന്ധുവിനോട് ഇതിനെ കുറിച്ച് പറഞ്ഞപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. നിലവില്‍ പോക്‌സോ കേസാണ് ജെബരാജിനെതിരെ ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം മെയില്‍ ഇയാളുടെ കോയമ്പത്തൂരുള്ള വീട്ടില്‍ വെച്ച് നടത്തിയ ഒരു പാര്‍ട്ടിയിലാണ് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ പീഡിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈയടുത്ത് ഇതില്‍ ഒരാള്‍ പീഡനത്തെ കുറിച്ച് തന്റെ അടുത്ത ബന്ധുവിനോട് പറയുകയായിരുന്നു. പിന്നാലെ പരാതി നല്‍കുകയായിരുന്നു.
എന്നാല്‍ ജെബരാജ് മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ സമീപിച്ചിരുന്നു. അകന്നു കഴിയുന്ന തന്റെ ഭാര്യയാണ് ഇതിന് പിന്നിലെന്ന് വാദിച്ച ഇയാള്‍ ആരോപണങ്ങളെല്ലാം നിഷേധിച്ചു. നിലവില്‍ ഇരുവരുടെയും വിവാഹ മോചനത്തിനുള്ള നടപടികൾ നടന്നു കൊണ്ടിരിക്കുകയാണ്.
അടുത്തിടെ ബലാത്സംഗ കേസില്‍ പഞ്ചാബിലെ പാസ്റ്ററായ ബജീന്ദര്‍ സിങ്ങിന് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. വിദേശത്തു കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്ത് മൊഹാലിയിലെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു ബജീന്ദര്‍ സിങ്ങിനെതിരായ പരാതി. പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറഞ്ഞിരുന്നു.