ജമ്മുകശ്മീരിലെ ഷോപ്പിൽ മൂന്ന് ലഷ്‌കര്‍ തൊയ്ബ ഭീകരരെ സൈന്യം വധിച്ചു
സൈന്യവും ജമ്മുകശ്മീര്‍ പൊലീസും സിആര്‍പിഎഫും സംയുക്തമായാണ് ഭീകരരുമായി ഏറ്റുമുട്ടിയത്.ഇന്നലെ ജമ്മുകശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മലയാളി ജവാന്‍ ഉള്‍പ്പെടെ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു
ഡൽഹി :ജമ്മുകശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ലഷ്‌കര്‍ തൊയ്ബ ഭീകരരെ സൈന്യം വധിച്ചു. ഇവരില്‍ നിന്ന് നിരവധി ആയുധങ്ങളും പിടിച്ചെടുത്തു. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടല്‍ പ്രദേശത്ത് തുടരുകയാണ്.കൊല്ലപ്പെട്ട ഭീകരരില്‍ ഒരാളായ മുക്താര്‍ ഷാ മാസങ്ങള്‍ക്കുമുന്‍പ് ബീഹാറിലെ ഒരു തെരുവില്‍ കച്ചവടം നടത്തുന്ന വീരേന്ദ്ര പസ്വാന്‍ എന്നയാളെ കൊലപെടുത്തിയ കേസിലെ പിടികിട്ടാപ്പുള്ളിയാണ്. ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടിസും പുറപ്പെടുവിച്ചിരുന്നു.
ഷോപ്പിയാനില്‍ സൈന്യത്തിനുനേരെ ആക്രമണം നടത്താനുള്ള ആസൂത്രണത്തിലായിരുന്നുലഷ്‌കര്‍ തൊയ്ബ. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനുശേഷം നടത്തിയ തെരച്ചിലില്‍ വലിയ തോതിലുള്ള സ്‌ഫോടക വസ്തുക്കള്‍ ഉള്‍പ്പെട്ട ആയുധ ശേഖരവും കണ്ടെത്തി. സൈന്യവും ജമ്മുകശ്മീര്‍ പൊലീസും സിആര്‍പിഎഫും സംയുക്തമായാണ് ഭീകരരുമായി ഏറ്റുമുട്ടിയത്.ഇന്നലെ ജമ്മു കശ്മീരിലെ പൂഞ്ചിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മലയാളിസൈനികനും വീരമൃത്യു വരിച്ചു കൊല്ലം കൊട്ടാരക്കര ഓടനാവട്ടം സ്വദേശി വൈശാഖ് ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് പൂഞ്ചിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ജൂനിയർ കമ്മീഷൻ ഓഫീസർ ഉൾപ്പെടെ അഞ്ചുസൈനികർ വീരമൃത്യു വരിച്ചത്. സുരാൻകോട്ട് മേഖലയിലുള്ള വനത്തിനുള്ളിൽ ഭീകരർ നുഴഞ്ഞുകയറിയതായുള്ള ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം ഇവിടെ തിരച്ചിലിനെത്തിയത്. വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ സൈന്യം പ്രദേശം മുഴുവൻ വളയുകയായിരുന്നു. ഇതിനിടെയാണ് ഭീകരർ സൈന്യത്തിനുനേരെ വെടിവയ്പ്പ് ആരംഭിച്ചത്. വെടിവയ്പ്പിൽ പരിക്കേറ്റ സൈനികരെ ഉടൻ മെഡിക്കൽ ക്യാംപിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. നാല് ഭീകരരാണ് ഇവിടെയെത്തിയതെന്നാണ് വിവരം. ഇതിൽ രണ്ടുപേരെ സൈന്യം വധിച്ചിട്ടുണ്ട്. നേരത്തെ, ഒരു ഭീകരനെ അനന്തനാഗിലും മറ്റൊരാളെ കശ്മീരിലെ ബന്ദിപോറ ജില്ലയിലും വധിച്ചിരുന്നു