വിതുര കല്ലാറില്‍ വിനോദസഞ്ചാരികള്‍ അപകടത്തില്‍പ്പെട്ടു; മൂന്ന് പേര്‍ മരിച്ചു
ബീമാപ്പള്ളി സ്വദേശികളായ സഫാന്‍, ഫിറോസ്, ജവാദ് എന്നിവരാണ് കയത്തില്‍പ്പെട്ട് മരിച്ചത്.
തിരുവനന്തപുരം| വിതുര കല്ലാര്‍ വട്ടകയത്തില്‍ വിനോദ സഞ്ചാരികള്‍ ഒഴുക്കില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു. ബീമാപ്പള്ളി സ്വദേശികളായ സഫാന്‍, ഫിറോസ്, ജവാദ് എന്നിവരാണ് കയത്തില്‍പ്പെട്ട് മരിച്ചത്. ഇവര്‍ മൂന്നുപേരും ബന്ധുക്കളാണ്. മരിച്ച ഫിറോസ് എസ്എപി ക്യാമ്പിലെ പൊലീസുകാരനാണ്.
എട്ട് പേരടങ്ങുന്ന സംഘമാണ് കയത്തിലെത്തിയത്. ആദ്യം ഒഴുക്കില്‍പ്പെട്ടത് ഒരു പെണ്‍കുട്ടിയാണ്. ഇവരെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടെയാണ് മറ്റുള്ളവരും ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇവരെ നാട്ടുകാരാണ് രക്ഷപെടുത്തിയത്. തിരുവനന്തപുരത്തെ മലയോര മേഖലകളില്‍ കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തിരുന്നു.
വിതുരയില്‍ നിന്നടക്കം ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വെള്ളത്തിന്റെ ശക്തമായ ഒഴുക്ക് അപകട സമയത്തുണ്ടായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. അപകട മുന്നറിയിപ്പ് നിരസിച്ചാണ് സഞ്ചാരികള്‍ കയത്തിലിറങ്ങിയതെന്നും നാട്ടുകാര്‍ പറഞ്ഞു.
നിര്‍ഭാഗ്യകരമായ സംഭവമാണ് കല്ലാറിലുണ്ടായതെന്ന് അടൂര്‍ പ്രകാശ് എംപി പറഞ്ഞു. അപകടമുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമായിരുന്നു. സഞ്ചാരികള്‍ക്ക് വേണ്ട സുരക്ഷ ഏര്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.