സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം ഏര്‍പ്പെടുത്തി

0

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം ഏര്‍പ്പെടുത്തി. പുറം ബോഡിയില്‍ വെള്ളയും മധ്യഭാഗത്ത് കടുംചാരനിറത്തിലെ വരയുമാണ് അനുവദിച്ചത്. മറ്റു നിറങ്ങള്‍, എഴുത്തുകള്‍, ചിത്രപ്പണികള്‍, അലങ്കാരങ്ങള്‍ ബസ്സിന്റെ പുറംബോഡിയില്‍ ഉണ്ടാവാന്‍ പാടില്ല. പുതിയ ഉത്തരവനുസരിച്ച്‌ മുന്‍വശത്ത് ടൂറിസ്റ്റ് എന്നുമാത്രമേ എഴുതാന്‍ പാടുകയുള്ളു.ബസ്സ് ഓപ്പറേറ്ററുടെ പേര് പിന്‍വശത്ത് പരമാവധി 40 സെന്റീമീറ്റര്‍ ഉയരത്തില്‍ എഴുതാം.നിയന്ത്രണമില്ലാത്തതിനാല്‍ ബസ്സുടമകള്‍ അവര്‍ക്കിഷ്ടമുള്ള ചിത്രങ്ങളാണ് ബസുകളില്‍ പതിച്ചിരുന്നത്. മോഡലുകളുടെയും സിനിമാതാരങ്ങളുടെയും ചിത്രങ്ങള്‍ മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിച്ച്‌ അപകടമുണ്ടാക്കുന്നുവെന്ന കണ്ടെത്തലാണ് ഏകീകൃത നിറത്തിലേക്ക് എത്തിച്ചത്.

ടൂറിസ്റ്റ് ബസ് നടത്തിപ്പുകാര്‍ തമ്മിലുണ്ടായ അനാരോഗ്യകരമായ മത്സരത്തിന് അറുതി വരുത്താനാണ് ഏകീകൃത നിറം ഏര്‍പ്പെടുത്തിയത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍. ശ്രീലേഖ അദ്ധ്യക്ഷയായ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടേതാണ് (എസ്.ടി.എ.) തീരുമാനം.
പുതിയതായി രജിസ്റ്റര്‍ ചെയ്യുന്ന ബസുകളും ഫിറ്റ്‌നസ് പരിശോധനയ്ക്ക് ഹാജരാക്കുന്നവയും നിയമാനുസൃതമായ നിറത്തിലേക്ക് മാറണം. ഒരുവിഭാഗം ടൂര്‍ ഓപ്പറേറ്റര്‍മാരുടെ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് എസ്.ടി.എ. ഏകീകൃത നിറം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടൂറിസ്റ്റ് ടാക്‌സി വാഹനങ്ങള്‍ക്ക് അനുവദിച്ച വെള്ളനിറമാണ് കോണ്‍ട്രാക്‌ട് കാരേജ് ബസുകള്‍ക്കും ബാധകമാക്കിയത്. ചാരനിറത്തിലെ വരയ്ക്ക് പത്ത് സെന്റീമീറ്റര്‍ വീതിയാണ് അനുവദിച്ചിട്ടുള്ളത്.

You might also like

-