ഡോ.വന്ദന കൊലക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
ക്രൈംബ്രാഞ്ച് ശാസ്ത്രീയമായി അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
തിരുവനന്തപുരം | ഡോ.വന്ദന കൊലക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വന്ദനയുടെ കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ട് അച്ഛൻ കെ ജി മോഹൻദാസാണ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.
ഉത്തരവാദിത്തത്തിൽ നിന്ന് പൊലീസ് കൈ കഴുകുന്നുവെന്നും ശരിയായ അന്വേഷണത്തിൽ പൊലീസിന് താൽപര്യമില്ലെന്നും ആരോപിച്ചാണ് ഹർജി നൽകിയിരിക്കുന്നത് അന്വേഷണത്തിൽ പൊലീസിന് ഉദാസീനതയുണ്ടെന്നും ഇതിനാൽ സിബിഐ അന്വേഷണം അനിവാര്യമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നിലപാടെടുത്തിരുന്നു. കേസിലെ വിചാരണയ്ക്ക് സ്‌പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിക്കാമെന്ന് സര്‍ക്കാര്‍ ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളെ അറിയിച്ചിട്ടുണ്ട്. അഭിഭാഷകന്റെ പേര് നിര്‍ദ്ദേശിക്കണമെന്നാണ് സര്‍ക്കാര്‍ മാതാപിതാക്കളെ അറിയിച്ചത്. ക്രൈംബ്രാഞ്ച് ശാസ്ത്രീയമായി അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.