നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
എട്ടാം പ്രതിയായ നടൻ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ദിലീപിന് നോട്ടീസയച്ചിരുന്നു. കർശന വ്യവസ്ഥകളോടെയാണ് ദിലീപിന് 2017ൽ ജാമ്യം അനുവദിച്ചതെങ്കിലും സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന് തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം.
കൊച്ചി | നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദൃശ്യങ്ങൾ ഉള്ള മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ സംഭവത്തിൽ കാർഡ് ഫോറൻസിക് പരിശോധനയ്ക്ക് അയക്കാൻ അനുമതി നിഷേധിച്ചുവെന്നും വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നുമായിരുന്നു അതിജീവിതയുടെ ആരോപണം. എന്നാൽ വിചാരണക്കോടതി ജഡ്ജിയ്ക്കെതിരെ എന്തടിസ്ഥാനത്തിലാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നായിരുന്നു കോടതി ചോദിച്ചത്.അതിനിടെ നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ദിലീപിന് നോട്ടീസയച്ചിരുന്നു. കർശന വ്യവസ്ഥകളോടെയാണ് ദിലീപിന് 2017ൽ ജാമ്യം അനുവദിച്ചതെങ്കിലും സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന് തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിചാരണ തുടരുന്ന സാഹചര്യത്തിൽ ജാമ്യം റദ്ദാക്കണമെന്നും ദിലീപിനെ റിമാൻഡ് ചെയ്യണമെന്നുമാണ് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്