തമിഴ് നാട്ടിൽ  എഐഎഡിഎംകെ -ബിജെപി സഖ്യം ?

'നിലവില്‍ ഡിഎംകെയും കോണ്‍ഗ്രസും തമ്മില്‍ സഖ്യം രൂപപ്പെട്ടുകഴിഞ്ഞു. അപ്പോള്‍ എഐഎഡിഎംകെ തെരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടുന്നതിനെ കുറിച്ചോ സഖ്യത്തിലേര്‍പ്പെടുന്നതിനെ കുറിച്ചോ ചോദ്യങ്ങളുടെ ആവശ്യമില്ല'-

0

ചെന്നൈ: തമിഴ്നാട്ടില്‍  ഉടൻ  ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന് സൂചന നൽകി എഐഎഡിഎംകെ കോ ഓർഡിനേറ്ററും ഉപമുഖ്യമന്ത്രിയുമായ ഒ പനീർശെൽവം. സംസ്ഥാന നിയമസഭയില്‍ കോണ്‍ഗ്രസും എഐഎഡിഎംകെയും തമ്മില്‍ നടന്ന വാക്പോരിനിടെയാണ് സഖ്യത്തിലേക്ക് നീങ്ങുന്നതായി പനീര്‍സെല്‍വം സൂചന നൽകിയത്. ‘നിലവില്‍ ഡിഎംകെയും കോണ്‍ഗ്രസും തമ്മില്‍ സഖ്യം രൂപപ്പെട്ടുകഴിഞ്ഞു. അപ്പോള്‍ എഐഎഡിഎംകെ തെരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടുന്നതിനെ കുറിച്ചോ സഖ്യത്തിലേര്‍പ്പെടുന്നതിനെ കുറിച്ചോ ചോദ്യങ്ങളുടെ ആവശ്യമില്ല’- പനീര്‍സെല്‍വം വ്യക്തമാക്കി.

കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് കെ ആര്‍ കുമാരസ്വാമിയാണ് സഖ്യത്തിമില്ലാതെ അണ്ണാ ഡിഎംകെ തെരഞ്ഞെടുപ്പിനെ നേരിടുമോ എന്ന ചോദ്യം ഉന്നയിച്ചത്. എല്ലാവരും ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടാമെങ്കില്‍ എഐഎഡിഎംകെയും അതിന് തയാറാണെന്ന് പനീര്‍സെല്‍വം തിരിച്ചടിച്ചു. ഡിഎംകെയുടെ പിന്നില്‍ വര്‍ഷങ്ങളായി ഒളിച്ചിട്ടുള്ള കോണ്‍ഗ്രസിന് അങ്ങനെ ഒരു ചോദ്യം ഉന്നയിക്കാന്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്നാട്ടില്‍ സഖ്യം രൂപീകരിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് ഇരു പാര്‍ട്ടികളുമെന്ന് ബിജെപി, എഐഎഡിഎംകെ വൃത്തങ്ങൾ ന്യൂസ് 18നോട് പറഞ്ഞു. 2014ലെ പോലെ ഒറ്റയ്ക്ക് മത്സരിക്കില്ലെന്നും ഇവർ പറയുന്നു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയോട് അടുപ്പമുള്ള മന്ത്രിമാരായ എസ് പി വേലുമണിയും പി തങ്കമണിയും ബിജെപി നേതാവ് പിയൂഷ് ഗോയലുമായി ചർച്ച നടത്തി വരികയാണ്. സഖ്യചർച്ച മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള അഞ്ചംഗ കമ്മിറ്റിയിലെ അംഗങ്ങളാണ് ഇരുമന്ത്രിമാരും.

‘ബിജെപിയുമായുള്ള സഖ്യസാധ്യതകൾ തുറന്നിട്ടിരിക്കുകയാണെന്ന് വ്യക്തം. മുഖ്യമന്ത്രിക്ക് മേൽ ബിജെപിയുടെ സമ്മർദവുമുണ്ട്. എഐഎഡിഎംകെയുടെ ശക്തികേന്ദ്രങ്ങളിലാണ് പ്രധാനമന്ത്രി റാലി നടത്തിയത്. ഇത് എതിരാളിയായ ഡിഎംകെയ്ക്ക് ശക്തമായ സന്ദേശമാണ് നൽകുന്നത്. കോയമ്പത്തൂർ സ്ഫോടനത്തിന് ശേഷം നടന്ന 1998ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഇവിടെ മുന്നേറ്റം നടത്താനായെങ്കിലും അത് നിലനിർത്താൻ കഴിഞ്ഞില്ല’- രാഷ്ട്രീയ നിരീക്ഷകൻ എൻ സത്യമൂർത്തി പറഞ്ഞു.

ബിജെപിയുമായുള്ള സഖ്യത്തിന്റെ കാര്യത്തിൽ എഐഎഡിഎംകെ നേതാക്കൾക്കിടയിൽ ഭിന്നതകളുണ്ട്. ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ തമ്പിദുരൈയും മുതിർന്ന നേതാവ് സി പൊന്നയ്യനും സഖ്യമുണ്ടാക്കുന്നതിനോടുള്ള എതിർപ്പ് പരസ്യമാക്കിയിരുന്നു. പൊതുജനവികാരം സഖ്യത്തിന് എതിരാണെന്നായിരുന്നു പൊന്നയ്യൻ പറഞ്ഞത്. എന്നാൽ വ്യക്തിരമായ അഭിപ്രായപ്രകടനം പാർ‌ട്ടിയുടേതായി കാണുന്നില്ലെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.

You might also like

-