വേദാന്തസ്റ്റെർലൈറ്റ് സമരം വ്യപക സംഘർക്ഷം തൂത്തുക്കുടിയിൽ വ്യാപക അറസ്റ്റ്; ഇന്നു തമിഴ്നാട്ടിൽ ബന്ദ്
തൂത്തുക്കുടി :സ്റ്റെർലൈറ്റ് ഫാക്ടറിക്കെതിരേ നടന്ന സമരത്തെത്തുടർന്നുള്ള ഭീകരാന്തരീക്ഷം തുടരുന്നു. സമരക്കാർക്കു നേരേയുണ്ടായ പോലീസ് വെടിവയ്പിൽ 13 പേർ കൊല്ലപ്പെട്ടതിനു പിന്നാലെ ഇവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പോലീസ് വ്യാപകമായി അറസ്റ്റ് ചെയ്യുകയാണ്. നൂറുകണക്കിന് ആളുകളെയാണു കഴിഞ്ഞ രണ്ടു ദിവസമായി പോലീസ് പാതിരാത്രി വീടുകയറി അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ പോലീസ് ക്രൂരമായി തല്ലിച്ചതക്കുകയാണ്
വെടിവയ്പ്പിൽ പരിക്കേറ്റ് തൂത്തുക്കുടി ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ കാണാനെത്തിയ ബന്ധുക്കളെയും ഇന്നലെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തു. ഇത് ആശുപത്രിയിൽ ചെറിയ സംഘർഷത്തിനുമിടയാക്കി. കൂടാതെ കറുത്ത ടീ ഷർട്ട് ധരിച്ചു നഗരത്തിൽ വാഹനങ്ങളിലോ കാൽനടയായോ സഞ്ചരിച്ചവരെയും പോലീസ് അറസ്റ്റ് ചെയ്തു. സമരത്തിനു പിന്തുണ നൽകിയവരാണു കറുത്ത ടീ ഷർട്ട് ധരിച്ചതെന്ന വാദമായിരുന്നു പോലീസിന്റേത്. എന്നാൽ, സമരവുമായി യാതൊരു ബന്ധവുമില്ലാത്ത നിരവധിപേരെയാണ് ഇത്തരത്തിൽ അറസ്റ്റ് ചെയ്തത്.
സമരത്തിൽ പങ്കെടുത്ത 300ൽ അധികം ആളുകളെ ഇപ്പോൾ കാണാനില്ലെന്നും ഇവർ പോലീസ് കസ്റ്റഡിയിലുണ്ടെന്നുമാണു സമരസമിതി ഭാരവാഹികൾ പറയുന്നത്. എന്നാൽ, പോലീസ് ഇവരെക്കുറിച്ചു വ്യക്തമായ മറുപടിയൊന്നും നൽകുന്നില്ല. നിരോധനാജ്ഞ നിലനിൽക്കുന്നതിൽ ഇന്നലെയും തൂത്തുക്കുടിയിലെ വ്യാപര സ്ഥാപനങ്ങളൊന്നും തുറന്നു പ്രവർത്തിച്ചില്ല. ശക്തമായ പോലീസ് സന്നാഹം നഗരത്തിലുടനീളം ദൃശ്യമാണ്.
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ പുതിയ ബസ് സ്റ്റാൻഡിനു സമീപം ചെറിയ സംഘർഷം ഉടലെടുത്തു. വൻ പോലീസ് സംഘം ഇവിടെയെത്തിയാണു രംഗം ശാന്തമാക്കിയത്. സ്റ്റെർലൈറ്റ് ഫാക്ടറിക്കു മുന്നിൽ ശക്തമായ പോലീസ് കാവൽ തുടരുകയാണ്. ഫാക്ടറി അടയ്ക്കാനുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടിനെത്തുടർന്ന് ഫാക്ടറിയിലേക്കുള്ള വൈദ്യുതി ബന്ധം ഇന്നലെ വിച്ഛേദിച്ചു.
തൂത്തുക്കുടി അണ്ണാ നഗറിൽ ബുധനാഴ്ച പുലർച്ചെ പോലീസ് റെയ്ഡ് നടത്തി. കഴിഞ്ഞ ദിവസം പോലീസിനു നേർക്കു നാട്ടുകാർ കല്ലേറു നടത്തിയെന്ന കാരണത്താലാണ് ഇന്നലെ പോലീസ് പുലർച്ചെ വീടുകൾ കയറി ലാത്തിച്ചാർജ് നടത്തുകയും പുരുഷന്മാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.സമൂഹമാധ്യമങ്ങൾ വഴി വ്യാജ പ്രചാരണം വ്യാപകമാകുന്നു എന്ന കാരണത്താൽ തൂത്തുക്കുടി, കന്യാകുമാരി, തിരുനൽവേലി ജില്ലകളിൽ ഇന്റർനെറ്റ് സേവനം നിർത്തിവച്ചു.
പോലീസ് അതിക്രമം തമിഴ്നാട്ടിൽ ബന്ദ്
ഡിഎംകെ ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളാണ് ഇന്നു തമിഴ്നാട്ടിൽ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആക്രമണം നടക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉളളതിനാൽ കനത്ത സുരക്ഷാസംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
സര്‍ക്കാര്‍ ബസുകള്‍ സര്‍വീസ് നടത്തും. അണ്ണാഡിഎംകെ അനുകൂല തൊളിലാളി സംഘടനകളിലെ ജീവനക്കാരെ ഉപയോഗിച്ചായിരിക്കും സര്‍വീസ് നടത്തുക. വാഹന തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ അറിയിച്ചു. ഇന്നലെ ഡിഎംകെയുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചിരുന്നു. ഇത് ഇന്നും തുടര്‍ന്നേക്കും.
തൂത്തുക്കുടി അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ശക്തമായ സുരക്ഷ ചെന്നൈയിലും ഒരുക്കിയിട്ടുണ്ട്. തൂത്തുക്കുടി അക്രമം സംബന്ധിച്ച് സിറ്റിങ് ജഡ്ജി അന്വേഷിക്കുക, സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രിയും ഡിജിപിയും രാജിവെയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബന്ദ്.