മുഖ്യവനം വകുപ്പ് മേധാവി ഉൾപ്പടെ മൂന്ന് ഉദ്യോഗസ്ഥർ ഇന്ന് വിരമിക്കും
വൈകിട്ട് നാലുമണിക്ക് പൊലീസ് ആസ്ഥാനത്താണ് ടോമിന്‍ ജെ തച്ചങ്കരിക്കുള്ള ഔദ്യോഗിക യാത്രയയപ്പ് നടക്കുക.
തിരുവനന്തപുരം | മുഖ്യ വനം വകുപ്പ് മേധാവി ഉൾപ്പടെ മൂന്ന് ഉദ്യോഗസ്ഥർ ഇന്ന് വിരമിക്കും. മുഖ്യ വനം വകുപ്പ് മേധാവി ബെന്നിച്ചന്‍ തോമസ്, ഡിജിപി ടോമിന്‍ ജെ തച്ചങ്കരി, നിയമ സെക്രട്ടറി വി ഹരി നായർ എന്നിവരാണ് ഇന്ന് വിരമിക്കുന്നത്. വൈകിട്ട് നാലുമണിക്ക് പൊലീസ് ആസ്ഥാനത്താണ് ടോമിന്‍ ജെ തച്ചങ്കരിക്കുള്ള ഔദ്യോഗിക യാത്രയയപ്പ് നടക്കുക. 1987 ബാച്ചിലെ ഐപിഎസ് ഓഫീസറാണ് തച്ചങ്കരി.കേരളാ സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആൻഡ് മാനേജിംഗ് ഡയറക്ടര്‍ തസ്തികയിലായിരുന്നു ഡിജിപി ആയി സ്ഥാനക്കയറ്റം ലഭിച്ചശേഷമുളള ആദ്യനിയമനം. തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷനില്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിജിപി സ്ഥാനം വഹിച്ചു.
1989-ലാണ് വി ഹരി നായർ അഭിഭാഷക വൃത്തിയിൽ പ്രവേശിക്കുന്നത്. ജുഡീഷ്യൽ സർവീസിൽ നിരവധി ചുമതലകൾ വഹിച്ച അദ്ദേഹം, 2021-ലാണ് നിയമ സെക്രട്ടറിയുടെ പദവിയിലേക്കെത്തുന്നത്. വനം വകുപ്പില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ വഴി വകുപ്പിനെ കൂടുതല്‍ ശക്തിപ്പെടുത്തിയ ശേഷമാണ് മുഖ്യ വനം മേധാവിയായ ബെന്നിച്ചന്‍ തോമസ് വിരമിക്കുന്നത്. 1988 ബാച്ച് കേരളാ കേഡര്‍ ഉദ്യോഗസ്ഥനാണ്. 2022ലാണ് ബെന്നിച്ചന്‍ തോമസ് മുഖ്യ വനം മേധാവിയായത്.