തിരുവഞ്ചൂർ രാധാകൃഷ്ണന് ഭീഷണിക്കത്ത്
കത്ത് കിട്ടി പത്ത് ദിവസത്തിനകം നാട് വിട്ടില്ലെങ്കിൽ കുടുംബത്തോടൊപ്പം വക വരുത്തുമെന്നാണ് കത്തിൽ ഭീഷണിപ്പെടുത്തുന്നത്
എംഎൽഎയും മുൻ ആഭ്യന്തരമന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണന് ഭീഷണിക്കത്ത്. കത്ത് കിട്ടി പത്ത് ദിവസത്തിനകം നാട് വിട്ടില്ലെങ്കിൽ കുടുംബത്തോടൊപ്പം വക വരുത്തുമെന്നാണ് കത്തിൽ ഭീഷണിപ്പെടുത്തുന്നത്. ക്രിമിനൽ പട്ടികയിൽപ്പെടുത്തിയതിന്‍റെ പ്രതികാരമാണെന്നു കത്തിൽ പറയുന്നു. കോഴിക്കോട് നിന്നാണ് കത്തയച്ചതെന്നാണ് വിശദമായ പരിശോധനയിൽ നിന്നും മനസിലാവുന്നത്. സംഭവത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
ടിപി വധക്കേസിലെ പ്രതികളുടെ പ്രതികാര നീക്കമാകാമെന്ന് തിരുവഞ്ചൂർ പ്രതികരിച്ചു. തിരുവഞ്ചൂർ അഭ്യന്തരമന്ത്രിയായിരുന്നപ്പോൾ ശിക്ഷിക്കപ്പെട്ട പ്രതികളാണ് ഇവർ. തിരുവഞ്ചൂരിനോട് വിരോധമുള്ള ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളാണ് കത്തയച്ചതിന് പിന്നിലെന്നാണ് സംശയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷൻ കെ.സുധാകരനും പറഞ്ഞു. തിരുവഞ്ചൂരിനോട് വിരോധമുള്ള ജയിലിലെ ക്രിമിനലുകളാണ് ഇതിനു പിന്നിൽ.
ഇതേക്കുറിച്ച് ഗൗരവമായ അന്വേഷണം വേണം. സംസ്ഥാനത്ത് നടക്കുന്നത് ക്രിമിനലുകളുടെ അഴിഞ്ഞാട്ടമാണ്. തിരുവഞ്ചൂർ രാധാകൃഷ്ണന് സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ തയ്യാറാവണം. ജയിലിൽ കിടക്കുന്ന ഈ സംഘം, പുറത്ത് ക്വട്ടേഷൻ സംഘങ്ങളെ ഉൾപ്പടെ നിയന്ത്രിക്കുന്നു നിലയാണുള്ളത്. മുൻ ആഭ്യന്തരമന്ത്രിയുടെ ഭാര്യയെയും മക്കളേം കൊല്ലുമെന്ന് പറഞ്ഞാൽ ഞങ്ങൾക്ക് ഭയമുണ്ടെന്നും വിഡി സശീതൻ പറഞ്ഞു.