എൻസിപി ദേശീയ നിർവാഹക സമിതി അംഗം റെജി ചെറിയാൻ തന്നെ വധിക്കാൻ ശ്രമിചെന്ന പരാതിയുമായി തോമസ് കെ തോമസ്
ഡ്രൈവർക്ക് പണം കൊടുത്ത് കൊലപെടുത്താൻ ശ്രമം എന്ന ആരോപണത്തിന് തോമസ് കെ തോമസ് കൂടുതൽ വ്യക്തത നൽകിയിട്ടുണ്ട്. ഡ്രൈവറുടെ അക്കൗണ്ടിൽ പണം വന്നിട്ടുണ്ടോ എന്ന് പരിശോധിക്കണം. ആരാണ് പണം കൊടുത്തത് എന്തിനാണ് കൊടുത്തത് എന്നതിലൊക്കെ അന്വേഷണം വരട്ടെയെന്നും തോമസ് കെ തോമസ് പറഞ്ഞു
തിരുവനന്തപുരം,ആലപ്പുഴ | തന്നെ കൊലപ്പെടുത്താൻ പാർട്ടിക്കുള്ളിൽ നിന്നും ശ്രമം നടക്കുന്നുവെന്ന പരാതിയുമായി എൻസിപി നേതാവും കുട്ടനാട് എംഎൽഎയുമായ തോമസ് കെ തോമസ്. വധശ്രമത്തിന് ഡിജിപിക്ക് പരാതി നൽകി. എൻസിപി ദേശീയ നിർവാഹക സമിതി അംഗം റെജി ചെറിയാൻ തന്നെ വധിക്കാൻ ശ്രമിച്ചെന്നാണ് തോമസ് കെ തോമസിന്റെ പരാതിയിലുള്ളത്. തന്റെ മുൻ ഡ്രൈവറായ തോമസ് കുരുവിളയെ സ്വാധീനിച്ച് വാഹനം അപകടത്തിൽപെടുത്താൻ ശ്രമിച്ചതെന്നും പരാതിയിലുണ്ട്. പാർട്ടിയിലെ ചേരിപ്പോരാണ് ഇതിന് പിന്നിലെന്നാണ് എംഎൽഎയുടെ ആരോപണം.
ഡ്രൈവർക്ക് പണം കൊടുത്ത് കൊലപെടുത്താൻ ശ്രമം എന്ന ആരോപണത്തിന് തോമസ് കെ തോമസ് കൂടുതൽ വ്യക്തത നൽകിയിട്ടുണ്ട്. ഡ്രൈവറുടെ അക്കൗണ്ടിൽ പണം വന്നിട്ടുണ്ടോ എന്ന് പരിശോധിക്കണം. ആരാണ് പണം കൊടുത്തത് എന്തിനാണ് കൊടുത്തത് എന്നതിലൊക്കെ അന്വേഷണം വരട്ടെയെന്നും തോമസ് കെ തോമസ് പറഞ്ഞു. തോമസ് കെ തോമസ്. തന്നെ കൊലപെടുത്താൻ ശ്രമിക്കുന്നത് പി സി ചാക്കോയും ശിങ്കിടികളുമാണെന്നും തോമസ് കെ തോമസ് ആരോപിച്ചു.
പിസി ചാക്കോക്കെതിരെ രൂക്ഷ വിമർശനമാണ് തോമസ് കെ തോമസ് ഉന്നയിച്ചത്. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുന്നവരെ പി സി ചാക്കോ സംരക്ഷിക്കുന്നു. ചാക്കോ എൻസിപിയെ കയ്യടക്കാൻ ശ്രമിക്കുന്നു. ആലപ്പുഴയിൽ പാർട്ടിയെ അട്ടിമറിച്ചത് പിസി ചാക്കോയാണെന്ന് കുറ്റപ്പെടുത്തിയ തോമസ് കെ തോമസ് ആലപ്പുഴ എൽഡിഎഫിൽ നിന്ന് പോലും എൻസിപിയെ ഒഴിവാക്കിയത് ചൂണ്ടിക്കാണിച്ചു. രണ്ട് വർഷം വീതം മന്ത്രിസ്ഥാനം പങ്ക് വയ്ക്കും എന്നായിരുന്നു പാർട്ടി തീരുമാനമെന്നും തോമസ് കെ തോമസ് വ്യക്തമാക്കി.
എന്നാൽ വധശ്രമമെന്നത് തെറ്റായ ആരോപണം മാത്രമെന്നാണ് എൻസിപിയിലെ തോമസ് കെ തോമസിന്റെ എതിർപക്ഷം പ്രതികരിക്കുന്നത്. സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോയ്ക്കെതിരെ നേരത്തെ പരസ്യമായി രംഗത്തെത്തിയ എംഎൽഎയാണ് തോമസ് കെ തോമസ്. ഇതോടെയാണ് എൻസിപിയിൽ ചേരിത്തിരിവും പരസ്പരപോരും ആരംഭിച്ചത്. മന്ത്രി ശശീന്ദ്രനും പിസി ചാക്കോയും ചേർന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്നാരോപിച്ചും നേരത്തെ തോമസ് കെ തോമസ് എംഎൽഎ രംഗത്തെത്തിയിരുന്നു.