മദ്യപാനത്തിനിടെ വാക്കുതർക്കം യുവാവ് കുത്തേറ്റുമരിച്ചു
ഞായറാഴ്ച രാത്രി മലയിൻകീഴിലുള്ള ബിനുവിന്റെ വീട്ടിൽ 4 പേരും മദ്യപിക്കവെ തർക്കത്തിനിടെ വിഷ്ണു ഷംനാദിനെ കുത്തുകയായിരുന്നു
തിരുവനന്തപുരം: മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കത്തിനൊടുവിൽ കാലിൽ കുത്തേറ്റ യുവാവ് രാത്രി മുഴുവൻ ചോര വാർന്നു മരിച്ചു. ഒപ്പം മദ്യപിച്ച മൂന്നു പേർ പിടിയിൽ. ഓൾസെയിന്റ്സ് കോളജ് രാജീവ് നഗർ ഷംന മൻസിലിൽ ഷംനാദ് (33) ആണ് മരിച്ചത്.മലയിൻകീഴ് കരിപ്പൂര് ദുർഗാ ലൈൻ അഭിവില്ലയിൽ ബിനു ബാബു (34), വഴയില ശാസ്താ നഗർ വിഷ്ണു വിഹാറിൽ മണിച്ചൻ എന്ന വിഷ്ണുരൂപ് (34), ഓൾ സെയിന്റ്സ് കോളജ് രാജീവ് നഗർ രജിത ഭവനിൽ കുക്കു എന്ന രജിത്ത് (35) എന്നിവരെയാണ് മലയിൻകീഴ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വിഷ്ണുവാണ് ഷംനാദിനെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു. 2011ൽ നെടുമങ്ങാട് നടന്ന ഇരട്ടക്കൊലപാതക കേസിലെ പ്രതിയാണ് വിഷ്ണു.
ഞായറാഴ്ച രാത്രി മലയിൻകീഴിലുള്ള ബിനുവിന്റെ വീട്ടിൽ 4 പേരും മദ്യപിക്കവെ തർക്കത്തിനിടെ വിഷ്ണു ഷംനാദിനെ കുത്തുകയായിരുന്നു. ഇടതു കാലിൽ മുട്ടിന്റെ മുകളിൽ ഗുരുതരമായി പരുക്കേറ്റ ഷംനാദിനെ പക്ഷേ ആരും ആശുപത്രിയിൽ കൊണ്ടു പോയില്ല. പിന്നാലെ വിഷ്ണുവും രജിത്തും വീട്ടിൽ നിന്നു മുങ്ങി. മദ്യലഹരിയിൽ ഉറങ്ങിപ്പോയ ബിനു രാവിലെ എണീറ്റപ്പോഴാണ് കിടപ്പുമുറിയിലെ കട്ടിലിൽ ഷംനാദ് മരിച്ചു കിടക്കുന്നത് കണ്ടത്.സംഭവം ബിനു പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. ബോധം നഷ്ടപ്പെട്ടതിനാൽ ഷംനാദിന് മറ്റുള്ളവരുടെ സഹായം തേടാൻ കഴിഞ്ഞില്ലെന്നാണ് പൊലീസ് കരുതുന്നത്. എന്നാൽ മുറിവിൽ തുണി കൊണ്ടു കെട്ടാൻ സ്വയം ശ്രമിച്ചതിന്റെ ലക്ഷണങ്ങളുണ്ടെന്നും പൊലീസ് പറയുന്നു.