ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയെന്ന് പരാതി നല്‍കിയ യുവതിയെ ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ ചുട്ടുകൊന്നു.
ഉത്തർപ്രദേശിലെ ശ്രാവസ്തിയിലുള്ള ഗാന്ദ്ര ഗ്രാമത്തിലാണ് സംഭവം.
ലഖ്‍നൗ: ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയെന്ന് പരാതി നല്‍കിയ യുവതിയെ ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ ചുട്ടുകൊന്നു. ഉത്തർപ്രദേശിലെ ശ്രാവസ്തിയിലുള്ള ഗാന്ദ്ര ഗ്രാമത്തിലാണ് സംഭവം.
22 വയസുകാരിയായ സയീദയാണ് കൊല്ലപ്പെട്ടത് . ഫോണിലൂടെ തന്നെ മൊഴി ചൊല്ലിയതിന് ഓഗസ്റ്റ് ആറിന് സയീദ ഭർത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, പരാതി സ്വീകരിക്കാതെ പൊലീസ് ഇത് ഒത്തുതീര്‍പ്പാക്കിയെന്ന് സയിദയുടെ പിതാവ് പറയുന്നു.
മുംബൈയിലുള്ള ഭര്‍ത്താവ് തിരികെവരുന്നതുവരെ കാത്തിരിക്കാനാണ് പൊലീസ് പറഞ്ഞത്. പൊലീസുകാരുടെ നിര്‍ദ്ദേശപ്രകാരം സയീദ ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ക്കൊപ്പം മടങ്ങിപ്പോകുകയും ചെയ്തു. കഴിഞ്ഞ ആഴ്ച ഭര്‍ത്താവിനൊപ്പം സയീദ പൊലീസ് സ്റ്റേഷനിലെത്തി. എന്നാല്‍, ഭര്‍ത്താവിനെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ല. ഒന്നിച്ച് ജീവിക്കാന്‍ ഉപദേശിച്ച് പൊലീസ് ഇരുവരെയും പറഞ്ഞയച്ചു.
പൊലീസില്‍ പരാതി നല്‍കിയതിനെച്ചൊല്ലി അടുത്ത ദിവസം സയീദയും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടായി. ഭര്‍ത്താവ് അവളെ മര്‍ദ്ദിക്കുകയും ഭര്‍ത്താവിന്‍റെ മാതാപിതാക്കള്‍ അവളുടെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിക്കുകയുമായിരുന്നു. തുടര്‍ന്ന് അവര്‍ സയീദയെ തീ കൊളുത്തുകയും ചെയ്തു. സയീദയുടെ മകള്‍ സംഭവത്തിന് ദൃക്‍സാക്ഷിയാണെന്നും പൊലീസ് പറഞ്ഞു.
ഭര്‍ത്താവിനെയും വീട്ടുകാരെയും പ്രതിചേര്‍ത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സയീദയുടെ പരാതി സ്വീകരിക്കാഞ്ഞതില്‍ പൊലീസുകാര്‍ക്കെതിരെ ഉന്നതോദ്യോഗസ്ഥര്‍ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.