സ്പോട്ട് അഡ്മിഷൻ നടത്താനുള്ള കോളേജുകളുടെ അധികാരം കേരള സർവ്വകലാശാല നീക്കി
അനർഹർ പ്രവേശനം നേടുന്നത് തടയാനാണ് സർവകലാശാലയുടെ നടപടി.
സ്പോട്ട് അഡ്മിഷൻ നടത്താനുള്ള കോളേജുകളുടെ അധികാരം കേരള സർവ്വകലാശാല നീക്കി. ഈ വർഷം എല്ലാ കോളേജുകളിലെയും ഒഴിവുകളിലും സർവ്വകലാശാല നേരിട്ട് പ്രവേശനം നടത്തും. അനർഹർ പ്രവേശനം നേടുന്നത് തടയാനാണ് സർവകലാശാലയുടെ നടപടി. പ്രവേശന നടപടികൾ പൂർത്തിയാക്കിയ ശേഷം ഒഴിവ് വരുന്ന സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്ന രീതിയാണ് സ്പോട്ട് അഡ്മിഷൻ.
ഓൺലൈൻ വഴി പ്രവേശനം ആരംഭിച്ചതിന് ശേഷവും അവസാനം ഓൺലൈനിന് പുറത്ത് സ്പോട്ട് അലോട്ടമെന്‍റ് അതാത് കോളജുകളായിരുന്നു ചെയ്തിരുന്നത്. കോളജുകളിലെ അധ്യാപകരടങ്ങിയ പ്രവേശന സമിതിയാണ് ഇത് നിർവഹിച്ചിരുന്നത്. ഇത്തരം പ്രവേശന പ്രക്രിയയിൽ അനർഹര്‍ കടന്നു കൂടുന്നതായി പരാതികളുയർന്നിരുന്നു.
എന്നാൽ സ്പോട്ട് അഡ്മിഷനിൽ സർവകലാശാല നേരിട്ട് ഇടപെട്ടിരുന്നില്ല. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് സ്പോട്ട് അഡ്മിഷൻ കോളജുകൾ നടത്തേണ്ടതില്ലെന്ന് സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചത്. എന്നാൽ ഇത് എങ്ങനെ നടത്തണമെന്നത് സംബന്ധിച്ച അന്തിമ നിർദ്ദേശം സർവകലാശാല കോളജുകൾക്ക് നൽകിയിട്ടില്ല. ഇപ്പോൾ നടക്കുന്ന ഓൺ പ്രവേശന രീതിയിൽ തന്നെ സ്പോട്ട് അലോട്മെന്‍റിലും സ്വീകരിക്കാനാണ് സർവകലാശാലയുടെ നീക്കമെന്നാണ് സൂചന.