കശ്മീർ വിഷയം ചർച്ച ചെയ്യാൻ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ യോഗം ഇന്ന് ചേരും
ഇന്ന് ഇന്ത്യൻ സമയം വൈകീട്ട് 7.30 ന് യു.എൻ ആസ്ഥാനത്ത് അടച്ചിട്ട മുറിയിലാണ് യോഗം ചേരുക. 1965-നു ശേഷം ഇതാദ്യമായാണ് കശ്മീർ വിഷയം കൗൺസിൽ വിശദമായി ചർച്ച ചെയ്യുന്നത്.
കശ്മീരിന്റെ പ്രത്യേകാവകാശങ്ങൾ റദ്ദാക്കുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് എടുത്തുകളഞ്ഞ നരേന്ദ്ര മോദി സർക്കാർ തീരുമാനം ഇന്ത്യക്ക് തിരിച്ചടിയാകുന്നു. കശ്മീർ വിഷയം ചർച്ച ചെയ്യാൻ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ യോഗം ഇന്ന് ചേരും. ഇന്ന് ഇന്ത്യൻ സമയം വൈകീട്ട് 7.30 ന് യു.എൻ ആസ്ഥാനത്ത് അടച്ചിട്ട മുറിയിലാണ് യോഗം ചേരുക. 1965-നു ശേഷം ഇതാദ്യമായാണ് കശ്മീർ വിഷയം കൗൺസിൽ വിശദമായി ചർച്ച ചെയ്യുന്നത്.
കശ്മീർ ആഭ്യന്തര വിഷയമാണെന്നും അന്താരാഷ്ട്ര സമൂഹം അത് ചർച്ചക്കെടുക്കേണ്ടതില്ലെന്നുമുള്ള, ഇന്ത്യ ഇത്രയും കാലം പുലർത്തിപ്പോന്ന നിലപാടിന് തിരിച്ചടിയാണ് യു.എൻ യോഗം. പാകിസ്താന്റെ കത്ത് പരിഗണിച്ചാണ് കശ്മീർ വിഷയം സുരക്ഷാ കൗൺസിൽ ചർച്ചക്കെടുക്കുന്നത്. ഈ വിഷയം അടഞ്ഞ മുറിയിൽ ചർച്ച ചെയ്യണമെന്നത് പാകിസ്താനുമായി അടുപ്പം പുലർത്തുന്ന കൗൺസിൽ സ്ഥിരാംഗമായ ചൈനയുടെ ആവശ്യമാണ്.
370-ാം വകുപ്പ് എടുത്തുകളഞ്ഞതിനെ തുടർന്ന് സുരക്ഷാ കൗൺസിൽ അടിയന്തര യോഗം ചേരണമെന്നാവശ്യപ്പെട്ട് പാകിസ്താൻ കത്തയച്ചിട്ടുണ്ടെന്ന് വ്യാഴാഴ്ച പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈഷി വ്യക്തമാക്കിയിരുന്നു. സ്ഥിരം പ്രതിനിധി മലേഹ ലോധി വഴിയാണ് കൗൺസിൽ പ്രസിഡണ്ട് ജൊവാന വ്രോനെക്കക്ക് ഖുറൈഷി കത്തയച്ചത്. കത്ത് കൗൺസിൽ അംഗങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്തു. കശ്മീർ വിഷയം അന്താരാഷ്ട്ര തലത്തിൽ ഔദ്യോഗികമായി ചർച്ച ചെയ്യപ്പെടുന്നത് പാകിസ്താന്റെ നയതന്ത്ര വിജയമാണെന്നാണ് പാക് മാധ്യമങ്ങൾ അവകാശപ്പെടുന്നത്.
കശ്മീരിൽ കേന്ദ്ര സർക്കാറിന്റെ അപ്രതീക്ഷിത നടപടിക്കു പിന്നാലെ ഖുറൈഷി കഴിഞ്ഞ വെള്ളിയാഴ്ച ചൈനീസ് തലസ്ഥാനമായ ബീജിങ്ങിലേക്ക് യാത്രചെയ്തിരുന്നു. കശ്മീർ വിഷയം ഉന്നയിച്ച് യു.എൻ സുരക്ഷാ കൗൺസിലിനെ സമീപിക്കുന്ന കാര്യത്തിൽ പിന്തുണ നൽകാമെന്ന് ചൈന ഉറപ്പുനൽകിയതായി തിരിച്ചെത്തിയ ശേഷം അദ്ദേഹം പറഞ്ഞു. ചൈനീസ് വിദേശമന്ത്രി വാങ് യിയുമായി ചർച്ച നടത്തിയ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ജമ്മു കശ്മീർ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് വ്യക്തമാക്കിയിരുന്നു.
സ്ഥിരാംഗങ്ങൾ പങ്കെടുക്കുമെങ്കിലും ഇന്നത്തെ യോഗം സുരക്ഷാ കൗൺസിലിന്റെ സമ്പൂർണ യോഗമായി രേഖപ്പെടുത്തുകയില്ല. അടഞ്ഞ മുറിയിലെ ചർച്ച എന്നതാവും യോഗത്തിന്റെ സവിശേഷത. കശ്മീർ വിഷയം അന്താരാഷ്ട്ര തലത്തിൽ ചർച്ച ചെയ്യേണ്ടതില്ലെന്ന നിലപാടാണ് ഇത്രയും കാലം ഇന്ത്യ പുലർത്തിയിരുന്നത്. കേന്ദ്ര സർക്കാറിന്റെ പുതിയ തീരുമാനത്തോടെ അത് ലംഘിക്കപ്പെട്ടിരിക്കുകയാണ്. അതേസമയം, കൗൺസിൽ പാകിസ്താന് അനുകൂലമായി നടപടിയെടുക്കില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. സ്ഥിരാംഗങ്ങളിൽ ചൈന മാത്രമാണ് പാക് നിലപാടിന് ഒപ്പമുള്ളത്. മറ്റ് അംഗങ്ങളായ ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങൾ ഇന്ത്യയും പാകിസ്താനും ഉഭയകക്ഷി ചർച്ചകളിലൂടെ വിഷയം പരിഹരിക്കണമെന്ന നിലപാടുകാരാണ്. ഇന്ത്യയും ഇതേ നിലപാടാണ് കൈക്കൊള്ളുന്നത്.
സ്ഥിരാംഗത്വമില്ലാത്ത മറ്റ് അംഗങ്ങളിൽ ഇന്തൊനേഷ്യയും കുവൈത്തും മാത്രമേ പാകിസ്താന് അനുകൂലമായി നിൽക്കാനിടയുള്ളൂ. ബെൽജിയം, ഐവറി കോസ്റ്റ്, ഡൊമിനിക്കൻ റിപ്പബ്ലിക്, ഇക്വറ്റോറിയൽ ഗിനിയ, ജർമനി, പെറു, പോളണ്ട്, ദക്ഷിണാഫ്രിക്ക രാജ്യങ്ങൾ എന്തു നിലപാടെടുക്കും എന്ന കാര്യത്തിൽ വ്യക്തതയില്ല.