യുക്രൈനിൽ നിന്ന് 2,389 കുട്ടികളെ റഷ്യൻ സൈന്യം തട്ടിക്കൊണ്ട് പോയെന്ന് യുഎസ് എംബസി
റഷ്യയിലേയ്ക്കാണ് ഇവരെ കൊണ്ടുപോയതെന്നും എംബസി പറയുന്നു റഷ്യയുടെ നടപടി അന്താരാഷ്‌ട്ര നിയമത്തിന്റെ കടുത്ത ലംഘനമാണെന്നും യുക്രൈൻ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. വിഷയവുമായി ബന്ധപ്പെട്ട് യുക്രൈൻ പ്രോസിക്യൂട്ടർ ജനറൽ ഐറിന വെനെഡിക്ടോവ ഉൾപ്പടെ നിരവധി പേരാണ് റഷ്യയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്
വാഷിങ്ടൺ | യുദ്ധം ഇരുപത്തിയെട്ട് ദിവസം പിന്നിടുമ്പോൾ റഷ്യയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി യുഎസ് എംബസി രംഗത്ത്. യുക്രൈനിൽ നിന്ന് 2,389 കുട്ടികളെ റഷ്യൻ സൈന്യം തട്ടിക്കൊണ്ട് പോയെന്ന് യുഎസ് എംബസി ആരോപിച്ചു. റഷ്യന്‍ വിമതരുടെ നിയന്ത്രണത്തിലുള്ള ലുഹാന്‍സ്‌ക്, ഡൊണാട്ക്‌സ് മേഖലകളില്‍ നിന്നാണ് നിയമവിരുദ്ധമായി നീക്കം ചെയ്തതെന്ന് യുക്രൈൻ വിദേശകാര്യമന്ത്രാലയത്തെ ഉദ്ധരിച്ച് അമേരിക്കന്‍ എംബസി ട്വീറ്റ് ചെയ്തു.
റഷ്യയിലേയ്ക്കാണ് ഇവരെ കൊണ്ടുപോയതെന്നും എംബസി പറയുന്നു റഷ്യയുടെ നടപടി അന്താരാഷ്‌ട്ര നിയമത്തിന്റെ കടുത്ത ലംഘനമാണെന്നും യുക്രൈൻ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. വിഷയവുമായി ബന്ധപ്പെട്ട് യുക്രൈൻ പ്രോസിക്യൂട്ടർ ജനറൽ ഐറിന വെനെഡിക്ടോവ ഉൾപ്പടെ നിരവധി പേരാണ് റഷ്യയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
റഷ്യൻ സൈന്യം ലിവോബെറെഷ്‌നി ജില്ലയിൽ നിന്നും സ്‌പോർട്‌സ് ക്ലബ് കെട്ടിടത്തിൽ നിന്നും ആളുകളെ അനധികൃതമായി കൊണ്ടുപോയെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.റഷ്യ ഷെല്ലാക്രമണം ശക്തമാക്കിയ മരിയുപോളിന്റെ ഭൂരിഭാഗം പ്രദേശങ്ങളും തകർന്ന നിലയിലാണ്. കെട്ടിടങ്ങളിൽ ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടെങ്കിലും റഷ്യ ആക്രമണം തുടരുകയാണ്. മരിയുപോളിൽ മാത്രം 2300 പേർ കൊല്ലപ്പെട്ടെന്നാണ് യുക്രെയ്ൻ വ്യക്തമാക്കുന്നത്.
അതേസമയം റഷ്യൻ ആക്രമണം അവസാനിപ്പിക്കുന്നതിനായി ഫ്രാൻസിസ് മാർപാപ്പയുടെ സഹായം തേടി യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോദിമൻ സെലൻസ്‌കി. യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിക്കണമെന്നാവശ്യപ്പെട്ട് സെലൻസ്‌കി മാർപാപ്പയുമായി ഫോൺ സംഭാഷണം നടത്തി. യുദ്ധം അവസാനിപ്പിക്കാൻ മാർപാപ്പ നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനം അർഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു