ലക്ഷദ്വീപിന്റെ പേരിൽ കേരളത്തിൽ നടക്കുന്നത് ടൂൾകിറ്റ് പ്രചാരണമാണെന്ന് കെ. സുരേന്ദ്രൻ

ഒരേ ഭാഗത്ത് നിന്ന് ആളുകൾ വാർത്തയുണ്ടാക്കി രാജ്യത്തിനെതിരേ പ്രയോഗിക്കുകയാണ്. ഇക്കാര്യത്തിൽ കേരളത്തിലെ ന്യൂനപക്ഷങ്ങളെ ആശങ്കയിലാക്കി ലാഭം കൊയ്യാനുളള ഗൂഢാലോചനയാണ് നടക്കുന്നതെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.

0

 

തിരുവനന്തപുരം: ലക്ഷദ്വീപിന്റെ പേരിൽ കേരളത്തിൽ നടക്കുന്നത് ടൂൾകിറ്റ് പ്രചാരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഒരേ ഭാഗത്ത് നിന്ന് ആളുകൾ വാർത്തയുണ്ടാക്കി രാജ്യത്തിനെതിരേ പ്രയോഗിക്കുകയാണ്. ഇക്കാര്യത്തിൽ കേരളത്തിലെ ന്യൂനപക്ഷങ്ങളെ ആശങ്കയിലാക്കി ലാഭം കൊയ്യാനുളള ഗൂഢാലോചനയാണ് നടക്കുന്നതെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു. ആസൂത്രിതമായ പ്രചാരണമാണ് കോൺഗ്രസും സിപിഎമ്മും മുസ്ലീം ലീഗും ചില ജിഹാദി സംഘടനകളും ഏറ്റെടുത്തിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

ബേപ്പൂർ തുറമുഖത്ത് അടിസ്ഥാന സൗകര്യ വികസനമേർപ്പെടുത്തണമെന്ന് ലക്ഷദ്വീപ് ട്രാൻസ്‌പോർട്ട് കമ്മറ്റി പത്ത് വർഷമായി ആവശ്യപ്പെടുകയാണ്. ഉമ്മൻചാണ്ടി സർക്കാരിനോടും കഴിഞ്ഞ പിണറായി സർക്കാരിനോടും അവർ ഇക്കാര്യം ആവശ്യപ്പെട്ടു. അത് ലക്ഷദ്വീപ് ജനതയുടെ ആവശ്യമാണ്, അവരുടെ അഡ്മിനിസ്‌ട്രേഷൻ പൂർണമായി എടുത്ത തീരുമാനമാണ്. ഇതുവരെ കേരളം നടപടി സ്വീകരിച്ചില്ല. ലക്ഷദ്വീപ് തന്നെ പണം മുടക്കി ചെയ്യാൻ തയ്യാറാണെന്നും നിർമാണ പ്രവർത്തനങ്ങൾ മാത്രം നടത്തിതന്നാൽ മതിയെന്നും വരെ അവർ പറഞ്ഞതായി സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

മാദ്ധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുളള സുരക്ഷാ പ്രശ്‌നങ്ങളുടെ പേരിലാണ് ലക്ഷദ്വീപിന്റെ സുരക്ഷയ്ക്കായി ചില നടപടിക്രമങ്ങൾ അഡ്മിനിസ്‌ട്രേറ്റർ എടുത്തതെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട മാദ്ധ്യമറിപ്പോർട്ടുകളും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ഉയർത്തിക്കാട്ടി. മാർച്ച് നാലിന് മിനിക്കോയ് വഴി പോകുകയായിരുന്ന രവിഹാൻസി എന്ന ബോട്ടിൽ നിന്ന് 3000 കോടി രൂപ വിലമതിക്കുന്ന 300 കിലോ ഹെറോയിനും അഞ്ച് എകെ 47 തോക്കും തിരകളും തീരസംരക്ഷണ സേന പിടിച്ചെടുത്തിരുന്നു. ഇത് മലയാള മാദ്ധ്യമങ്ങളിലടക്കം വാർത്തയായിരുന്നു. ചില വിദേശ കപ്പലുകൾ ദുരൂഹസാഹചര്യത്തിൽ നിരവധി തവണ ദ്വീപിലേക്ക് വരുന്നതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലക്ഷദ്വീപിലെ ചിലരുടെ ഒത്താശയോടെയാണ് ഈ നീക്കങ്ങളെന്നും മാദ്ധ്യമങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നതായി സുരേന്ദ്രൻ പറഞ്ഞു. മയക്കുമരുന്ന് ഇത്രയും പിടിച്ചതു കൊണ്ടാണോയെന്ന് അറിയില്ല, മയക്കുമരുന്നുമായി ബന്ധമുളള ചില ലോബികൾ വലിയ ആവേശത്തോടെയാണ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു.

You might also like

-