ആറാം വിരൽ ശസ്ത്രക്രിയയ്‌ക്കെത്തിയ കുട്ടിയുടെ നാവിൽ ശസ്ത്രക്രിയ നടത്തി
ആറാം വിരൽ ശസ്ത്രക്രിയയ്‌ക്കെത്തിയ കുട്ടിയുടെ നാവിനാണ് ശസ്ത്രക്രിയ നടത്തിയിരിക്കുന്നത്.കഴിഞ്ഞ ദിവസമാണ് നാല് വയസുകാരിയുടെ ആറാം വിരൽ നീക്കം ചെയ്യാൻ ആശുപത്രിയിലെത്തിയത്
കോഴിക്കോട് | മെഡിക്കൽ കോളജിൽ വീണ്ടും ഗുരുതര ചികിത്സാ പിഴവ്. കോഴിക്കോട് ചെറുവണ്ണൂരിൽ നാല് വയസുകാരിയുടെ ശസ്ത്രക്രിയയിലാണ് പിഴവ് സംഭവിച്ചത്. ആറാം വിരൽ ശസ്ത്രക്രിയയ്‌ക്കെത്തിയ കുട്ടിയുടെ നാവിനാണ് ശസ്ത്രക്രിയ നടത്തിയിരിക്കുന്നത്.കഴിഞ്ഞ ദിവസമാണ് നാല് വയസുകാരിയുടെ ആറാം വിരൽ നീക്കം ചെയ്യാൻ ആശുപത്രിയിലെത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിനെ പുറത്തിറക്കിയപ്പോഴാണ് കുഞ്ഞിന്റെ വായിൽ പഞ്ഞിയുള്ള വിവരം വീട്ടുകാർ അറിയുന്നത്. പിന്നീട് കൈയിൽ ആറാം വിരൽ ഉള്ളതായും കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ നാവിൽ ശസ്ത്രക്രിയ നടത്തിയതായി കണ്ടെത്തിയത്.
സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് നടപടി. വിശദമായ അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ആശുപത്രികള്‍ പ്രോട്ടോകോളുകള്‍ കൃത്യമായി പാലിക്കാന്‍ മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി.കൈപ്പത്തിയിലെ ആറാം വിരൽ നീക്കം ചെയ്യാനായാണ് കുട്ടി എത്തിയത്. എന്നാൽ അരമണിക്കൂർ വേണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടി പുറത്തെത്തുമ്പോൾ നാവിൽ പഞ്ഞി വെച്ച നിലയിൽ ആയിരുന്നു. കയ്യിലെ തുണി മാറ്റി നോക്കിയപ്പോള്‍ ആറാം വിരല്‍ അതുപോലെയുണ്ടായിരുന്നു. ചികിത്സാ പിഴവ് വ്യക്തമായതോടെ ഡോക്ടർ പുറത്തെത്തി കുടുംബത്തോട് മാപ്പ് പറഞ്ഞതായും ബന്ധുക്കൾ പറഞ്ഞു.പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ ആറാം വിരല്‍ നീക്കം ചെയ്തു. എന്നാൽ കുട്ടിയുടെ നാവിന് ചെറിയ തടസ്സം ഉണ്ടായിരുന്നുവെന്നും ഇത് കണ്ടെത്തിയപ്പോൾ നീക്കാൻ തീരുമാനിച്ചതാണെന്നും സൂപ്രണ്ട് അറിയിച്ചു. എങ്കിലും കുറഞ്ഞ സമയത്തിനിടെ കുട്ടിക്ക് രണ്ട് ശസ്ത്രക്രിയകൾ നടത്താൻ ഇടയായത് എന്തുകൊണ്ടെന്ന് പരിശോധിക്കുമെന്നും സൂപ്രണ്ട് വ്യക്തമാക്കി. അതേസമയം കുട്ടിയുടെ നാവിന് ഇതുവരെയും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല എന്നായിരുന്നു ബന്ധുക്കളുടെ പ്രതികരണം.