പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനിയുടെ കൊലപാതക അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്ത് സുപ്രീംകോടതി
മനശാസ്ത്ര പരിശോധനയ്ക്ക് തൃശൂർ മെഡിക്കൽ കോളേജ് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ബി ആർ ഗവായി അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധിന്യായത്തിലാണ് പരാമർശം.
കൊച്ചി | പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനിയുടെ കൊലപാതക കേസിലെ പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്ത് സുപ്രീംകോടതി. പ്രതിയുടെ മനഃശാസ്ത്ര ജയിൽ സ്വഭാവ റിപ്പോർട്ട് ഹാജരാക്കാൻ നിർദേശിച്ച സുപ്രീം കോടതി ശിക്ഷ ലഘൂകരിക്കാൻ കാരണങ്ങൾ ഉണ്ടെങ്കിൽ അതേ കുറിച്ച് പഠിച്ചു റിപ്പോർട്ട് സമർപ്പിക്കണമെന്നും ചൂണ്ടിക്കാട്ടി. മനശാസ്ത്ര പരിശോധനയ്ക്ക് തൃശൂർ മെഡിക്കൽ കോളേജ് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ബി ആർ ഗവായി അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധിന്യായത്തിലാണ് പരാമർശം.
2016ൽ എറണാകുളത്തെ പെരുമ്പാവൂരിലെ ദളിത് എൽഎൽബി വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ ഏക പ്രതി അമീറുൾ ഇസ്ലാമിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ച വധശിക്ഷ മെയ് 20ന് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു.ജസ്‌റ്റിസ് പി ബി സുരേഷ് കുമാർ, ജസ്‌റ്റിസ് എസ് മനു എന്നിവരടങ്ങിയ ബെഞ്ച് പ്രതിയുടെ അപ്പീൽ തള്ളിക്കൊണ്ട് സെഷൻസ് കോടതിയുടെ വിധി ശരിവച്ചു.
2016 ഏപ്രിൽ 28 ന് പെരുമ്പാവൂരിനടുത്ത് കുറുപ്പംപടിയിലെ വീട്ടിൽ 30 കാരിയായ നിയമ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സംഭവം നടന്ന് 49 ദിവസങ്ങൾക്ക് ശേഷം അസമിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളി അമീറുൾ ഇസ്ലാമിനെ അറസ്റ്റ് ചെയ്തു. ഇസ്ലാമിനെ ഏക പ്രതിയാക്കി 2016 സെപ്റ്റംബർ 17ന് പ്രത്യേക അന്വേഷണ സംഘം 1500 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരുന്നു.