ഷാഹീന്‍ബാഗിലെ പ്രശ്നം പരിഹരിക്കാന്‍ സുപ്രീം കോടതി മൂന്നംഗ സംഘത്തെ നിയോഗിച്ചു
ദില്ലി: ഷാഹീന്‍ബാഗ് വിഷയത്തില്‍ പരിഹാരം കാണാന്‍ വേണ്ടി സുപ്രീം കോടതി നിയോഗിച്ചിരിക്കുന്നത് മൂന്നംഗ സംഘത്തെയാണ്. സീനിയര്‍ അഭിഭാഷകരായ സഞ്ജയ് ഹെഗ്‌ഡെ, സാധനാ രാമചന്ദ്രന്‍, മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും മുമ്ബ് ദേശീയ ന്യൂനപക്ഷകമ്മീഷന്റെ തലവനുമായിരുന്ന വജാഹത്ത് ഹബീബുള്ള. ഇവരാണ് സര്‍ക്കാരിനും പ്രതിഷേധക്കാര്‍ക്കുമിടയില്‍ ആഴ്ചകളായി നിലനില്‍ക്കുന്ന ഷാഹീന്‍ബാഗിലെ പ്രശ്നം പരിഹരിക്കാന്‍ ചുമതലപ്പെട്ടിരിക്കുന്നവര്‍.
തെക്കന്‍ ഡല്‍ഹിയെയും നോയിഡയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന റോഡായ ജി ഡി ബിര്‍ള മാര്‍ഗ് ഉപരോധിച്ച് അവിടെ റോഡില്‍ പന്തലിട്ടുകൊണ്ടാണ് ഷാഹീന്‍ ബാഗില്‍ നൂറുകണക്കിന് സ്ത്രീകള്‍ രാപകല്‍ സമരം ചെയ്യുന്നത്.
തുടര്‍ച്ചയായ രണ്ടു മാസത്തോളമായി ഈ വഴിക്കുള്ള ഗതാഗതം തടഞ്ഞു കൊണ്ട് നടക്കുന്ന സമരത്തില്‍ കോടതി ഒടുവില്‍ ഇടപെട്ടു നടപടി സ്വീകരിക്കുകയായിരുന്നു. സമരക്കാരെ ഒഴിപ്പിക്കണം എന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് നിരസിച്ചുകൊണ്ടാണ്, പ്രശ്നത്തില്‍ പരിഹാരമുണ്ടാക്കാന്‍ വേണ്ട ചര്‍ച്ചകള്‍ ചെയ്യാന്‍ വേണ്ടി മൂന്നംഗ മധ്യസ്ഥ സംഘത്തെ നിയോഗിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവുണ്ടായത്.