കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നയ്ക്ക് മേൽ ഇ.ഡി സമ്മർദം ചെലുത്തിയെന്ന ആരോപണം അന്വേഷിക്കും. സ്വപ്‌നയുടെ ശബ്ദരേഖയും ഗൂഢാലോചനയും അന്വേഷണ പരിധിയിൽ വരും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്

0

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. റിട്ട. ജഡ്ജി വി കെ മോഹനനെ കമ്മീഷനാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. വികസന പദ്ധതികൾ തടസ്സപ്പെടുത്തുന്നുവെന്നും ഡോളർ, സ്വർണക്കടത്ത് അന്വേഷണങ്ങൾ വഴിതിരിച്ചു വിടുന്നുവെന്നും ആരോപിച്ചാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നയ്ക്ക് മേൽ ഇ.ഡി സമ്മർദം ചെലുത്തിയെന്ന ആരോപണം അന്വേഷിക്കും. സ്വപ്‌നയുടെ ശബ്ദരേഖയും ഗൂഢാലോചനയും അന്വേഷണ പരിധിയിൽ വരും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചിരിക്കുന്നത്. ഇതോടെ കേന്ദ്ര ഏജൻസികളും സംസ്ഥാന സർക്കാരും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്.നേരത്തെ സ്വ‍ർണ്ണക്കടത്ത് അടക്കമുള്ള വിഷയത്തിൽ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനപ്രകാരമായിരുന്നു കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചിരുന്നത്. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കേന്ദ്ര ഏജൻസികൾ അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിക്കുകയാണെന്ന ആരോപണമുയ‍ർന്നത്. മൊഴിമാറ്റിപ്പയറയാൻ കേന്ദ്ര ഏജൻസികൾ സമ്മ‍ർദ്ദം ചെലുത്തിയെന്നതടക്കം പ്രതികളുടെ വെളിപ്പെടുത്തലുകളുമുണ്ടായി.

നയതന്ത്ര ബാഗേജിലൂടെയുള്ള സ്വർണക്കടത്ത് കേസിൽ പ്രതികളായ സ്വപ്ന സുരേഷിന്റെ ശബ്ദരേഖ, സരിത്തിന്റെ കത്ത് തുടങ്ങി അഞ്ചു കാര്യങ്ങളാണ് കമ്മീഷന്റെ പരിഗണനയിൽ വരിക. സ്വപ്നയുടെ ശബ്ദരേഖയുമായി ബന്ധപ്പെട്ട ഗൂഢാലോചന, മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാന്‍ പ്രതികൾക്കുമേലുള്ള സമ്മർദം, അതിനു പിന്നിൽ ആരൊക്ക തുടങ്ങിയ കാര്യങ്ങളും കമ്മീഷൻ പരിഗണിക്കും. ഗൂഢാലോചനയിൽ ഉൾപ്പെട്ടവർക്കെതിരെ സ്വീകരിക്കേണ്ട നടപടികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യുന്നതിനാണ് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചിരിക്കുന്നതെന്നാണ് ലഭ്യമായ വിവരം.

പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ കമ്മീഷന്റെ നിയമനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി അനിവാര്യമാണ്. ഇതിനു ശേഷമേ ഉത്തരവിറങ്ങൂ.അതേസമയം, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ നേരത്തെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ മൊഴി നൽകിയ ഉദ്യോഗസ്ഥയുടെ മൊഴി മജിസ്ട്രേട്ടിന് മുൻപാകെ രേഖപ്പെടുത്തി തെളിവുനിയമപ്രകാരം കേസ് ശക്തമാക്കാൻ ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ചിരുന്നു. 2020 ഓഗസ്റ്റ് 12, 13 തീയതികളിൽ ഇ ഡി ചോദ്യം ചെയ്ത സന്ദർഭത്തിൽ മുഖ്യമന്ത്രിയുടെ പേരുപറയാൻ അന്വേഷണ സംഘം സ്വപ്ന സുരേഷിനെ നിർബന്ധിക്കുന്നത് അവരുടെ സമീപമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥ നേരിട്ടു കേട്ടതായാണു മൊഴി. ഇതേ മൊഴി മജിസ്ട്രേട്ട് മുൻപാകെ രേഖപ്പെടുത്താനാണ് ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ചത്

You might also like

-