കിറ്റെക്‌സ് നടത്തിയ പ്രചാര വേലകൾ നാടിന് തന്നെ അപമാനമെന്ന്

സർക്കാർ ബോധപൂർവ്വം ഒരു പരിശോധനയും കിറ്റെക്‌സ് കമ്പനിയിൽ നടത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. പിടി തോമസ് ജൂൺ ഒന്നിന് കിറ്റെക്‌സ് കമ്പനിയെ പറ്റി ആരോപണം ഉന്നയിച്ചിരുന്നു.

0

തിരുവനന്തപുരം :കിറ്റെക്‌സ് നടത്തിയ പ്രചാര വേലകൾ നാടിന് തന്നെ അപമാനമെന്ന് മന്ത്രി പി.രാജീവ്. സംസ്ഥാന സർക്കാരിനെതിരായ ആരോപണങ്ങളെ ഗൗരവമായി കാണുമെന്നും മന്ത്രി പറഞ്ഞു.സർക്കാർ ബോധപൂർവ്വം ഒരു പരിശോധനയും കിറ്റെക്‌സ് കമ്പനിയിൽ നടത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. പിടി തോമസ് ജൂൺ ഒന്നിന് കിറ്റെക്‌സ് കമ്പനിയെ പറ്റി ആരോപണം ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം ബന്ധപ്പെട്ട വകുപ്പുകൾ നടത്തി. ഫെബ്രുവരി 20 ന് ബെന്നി ബെഹനാനാണ് ആദ്യമായി പരാതി ഉന്നയിച്ചത്. വേതനം ലഭിക്കുന്നില്ല എന്ന പരാതിയിൽ ജൂൺ എട്ടിന് പരിശോധന നടത്തിയിരുന്നു.

വിവാദം ഉയർന്ന് വന്ന അന്ന് തന്നെ കമ്പനി ഉടമയെ വിളിച്ചിരുന്നു. നിക്ഷേപത്തിൽ നിന്ന് പിന്മാറുന്നു എന്ന പ്രഖ്യാപനം വന്നതിന് പിന്നാലെയും ഉടമയെ വിളിച്ചു. മാനേജ്‌മെന്റ് ഇതുവരെ സർക്കാരിനോ മുഖ്യമന്ത്രിക്കോ പരാതി നൽകിയിട്ടില്ല. എന്നിട്ടും കിറ്റക്‌സ് സംസ്ഥാനം വ്യവസായ സൗഹൃദമല്ലെന്ന് പ്രചരിപ്പിച്ചു. ഇത്തരം അധിക്ഷേപം നടത്താൻ തക്കവണ്ണം ഗവൺമെന്റ് ഒന്നും മോശമായി ചെയ്തിട്ടില്ല.വ്യവസായ വകുപ്പിൽ എന്തുകൊണ്ട് കിറ്റക്‌സ് പരാതി നൽകിയില്ലെന്നും പി.രാജീവ് ചോദിച്ചു. അസെന്റുമായി ബന്ധപ്പെട്ടും കിറ്റെക്‌സ് ഉടമ ഉയർത്തിയത് വ്യാജ പ്രചാരണമാണെന്ന് പി രാജീവ് കൂട്ടിച്ചേർത്തു.

കിറ്റെക്‌സ് എം ഡി സാബു എം ജേക്കബിന്റെ പരാമർശങ്ങൾ അതിരുകടന്നുവെന്ന് തന്നെയാണ് സർക്കാർ നിലപാട്. നിയമാനുസൃതമായി പരാതി പറയാൻ സംവിധാനം ഉണ്ടായിട്ടും അത് ഉപയോഗപ്പെടുത്തിയില്ല. പകരം സമൂഹമാധ്യമങ്ങളിലൂടെ സംസ്ഥാനത്തെ തന്നെ അധിക്ഷേപിക്കാൻ ശ്രമം നടത്തി. ഇത്തരത്തിൽ അധിക്ഷേപം കേൾക്കാൻ സർക്കാർ എന്ത് തെറ്റ് ചെയ്തു എന്നാണ് വ്യവസായമന്ത്രി പി രാജീവിന്റെ ചോദ്യം. കിറ്റക്സിന് പരാതിയുണ്ട് എന്ന് അറിഞ്ഞപ്പോൾ നേരിട്ട് വിളിക്കാൻ ശ്രമിച്ചു. എന്നാൽ സാബു ജേക്കബ് ഫോൺ എടുക്കുകയോ തിരിച്ചു വിളിക്കുകയോ ചെയ്തില്ലന്നും വ്യവസായ മന്ത്രി ആരോപിച്ചു

അതേസമയം വ്യവസായശാലകൾക്കെതിരെ ഉയർന്ന പരാതികളിൽ പരിശോധന നടത്താൻ കേന്ദ്രീകൃത സംവിധാനം സർക്കാർ കൊണ്ടുവരുന്നു. ഓരോ സ്ഥാപനങ്ങളിലും പരിശോധന നടത്തേണ്ട ഉദ്യോഗസ്ഥൻ ആരാണെന്ന് സോഫ്റ്റ്‌വെയർ മുഖേന തെരഞ്ഞെടുക്കും. പരാതികളുടെ അടിസ്ഥാനത്തിൽ പരിശോധന നടത്താൻ മേലുദ്യോഗസ്ഥന്റെ അനുമതി വാങ്ങണം. പരിശോധന റിപ്പോർട്ട് സ്ഥാപനങ്ങൾക്ക് 48 മണിക്കൂറിനുള്ളിൽ കൈമാറും.

വ്യവസായ സ്ഥാപനങ്ങളെ മൂന്നായി തരംതിരിക്കും. ലോ, മീഡിയം, ഹൈ റിസ്ക് വിഭാഗങ്ങളിൽ ആയിട്ടാണ് ഈ തരം തിരിവ്. ലോ റിസ്ക് വ്യവസായങ്ങളിൽ വർഷത്തിൽ ഒരുതവണ നേരിട്ടോ ഓൺലൈൻ ആയിട്ടോ ആയിരിക്കും പരിശോധന. ഹൈ റിസ്ക് വിഭാഗത്തിൽ മുൻകൂർ നോട്ടീസ് നൽകി മാത്രമായിരിക്കും പരിശോധന. പരിശോധനയ്ക്ക് പോകേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക പ്രത്യേകം തയാറാക്കും. കിറ്റെക്‌സ് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം.

You might also like

-