തൊടുപുഴ മുതലക്കോടത്ത് കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ നഗരസഭയെ പഴി ചാരി പൊതുമരാമത്ത് വകുപ്പിൻ്റെ റിപ്പോർട്ട്.

മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി മുൻസിപ്പാലിറ്റി മാറ്റിയ സ്ലാബുകൾ പുനഃസ്ഥാപിച്ചില്ല, പലതവണ മെയിൽ അയച്ചിട്ടും മുൻസിപ്പാലിറ്റി നടപടിയെടുത്തില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

തൊടുപുഴ | ഇടുക്കി തൊടുപുഴ മുതലക്കോടത്ത് കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ നഗരസഭയെ പഴി ചാരി പൊതുമരാമത്ത് വകുപ്പിൻ്റെ റിപ്പോർട്ട്. കുഴിയുടെ സ്ലാബുകൾ എടുത്ത് മാറ്റിയത് മുൻസിപ്പാലിറ്റിയെന്ന് PWD റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി മുൻസിപ്പാലിറ്റി മാറ്റിയ സ്ലാബുകൾ പുനഃസ്ഥാപിച്ചില്ല, പലതവണ മെയിൽ അയച്ചിട്ടും മുൻസിപ്പാലിറ്റി നടപടിയെടുത്തില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എക്സിക്യൂട്ടീവ് എൻജിനീയർക്ക് സമർപ്പിച്ച റിപ്പോർട്ട് പുറത്തുവന്നു .

കഴിഞ്ഞ ദിവസമാണ് മൂടാതെ കിടന്ന ഓടയിൽ വീണ് ജെയിംസ് ബെന്നി എന്ന 27കാരൻ മരിച്ചത്. തൊടുപുഴയിൽ നിന്ന് വീട്ടിലേക്ക് പോകുന്ന വഴിയാണ് ജെയിംസ് ബെന്നിയുടെ ബൈക്ക് മുതലക്കോടം മാവിൻ ചുവട്ടിൽ വെച്ച് അപകടത്തിൽപ്പെട്ടത്. വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട ഇരുചക്രവാഹനം കലുങ്ക് നിർമ്മാണത്തിനായി മാസങ്ങൾക്ക് മുമ്പ് എടുത്ത കുഴിയിൽ പതിച്ചു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജെയിംസിന്റെ ജീവൻ രക്ഷിക്കാനായില്ല. ചെറുതും വലുതുമായി നിരവധി അപകടങ്ങളാണ് ഇവിടെ നേരത്തെയുണ്ടായിട്ടുള്ളത്. വളവിനോട് ചേർന്നുള്ള ഈ ഭാഗത്ത് അപകട കെണിയുണ്ടെന്ന മുന്നറിയിപ്പ് ബോർഡോ, തെളിച്ചം ഉള്ള വഴി വിളക്കോ ഇല്ല. വിദേശത്തേക്ക് പോകാനായി ദിവസങ്ങൾ ബാക്കി നിൽക്കെയാണ് ജെയിംസ് ബെന്നി അപകടത്തിൽ മരിച്ചത്.

You might also like

-