രാജ്യത്ത് ഒരാഴ്ചയ്ക്കിടെ കോവിഡ് കേസുകൾ മൂന്നിരട്ടിയായി; കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്
ഇന്നലെ രാജ്യത്ത് 5,335 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി. 195 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. 13 പേർ മരിച്ചു.
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. സംസ്ഥാന ആരോഗ്യ മന്ത്രിമാർ പങ്കെടുക്കും. വെർച്വൽ മീറ്റിൽ എംപവേർഡ് ഗ്രൂപ്പും എൻടിജിഎഐ (ഇമ്മ്യൂണൈസേഷൻ ഓൺ നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ്) ഉദ്യോഗസ്ഥരും പങ്കെടുക്കും. തിങ്കളാഴ്ച നടത്താനിരിക്കുന്ന കോവിഡ് മോക്ഡ്രിൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ച ആകും..
ഇന്നലെ രാജ്യത്ത് 5,335 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി. 195 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. 13 പേർ മരിച്ചു. 25,587 സജീവ കോവിഡ് കേസുകളാണ് രാജ്യത്തുള്ളത്. കേരളം, ഡൽഹി, ഹിമാചൽ പ്രദേശ്, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകൾ കൂടുതൽ. കേരളത്തില്‍ ഒറ്റദിവസം 1912 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ പുതുതായി ആറ് കൊറോണ വൈറസ് വകഭേദങ്ങള്‍ കണ്ടെത്തി. കർണാടകയിൽ രണ്ടും കേരളത്തിലും പഞ്ചാബിലും ഓരോ വകഭേദങ്ങളും കണ്ടെത്തിയിട്ടുണ്ട്.