മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തി ,ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞുവെന്ന് എൻഐഎ.

യുഎസ് സ്കൈ മാര്‍ഷല്‍, രഹസ്യന്വേഷണ ഏജൻസികളുടെ ഉദ്യോഗസ്ഥർ, എൻ എസ് ജി എന്നിവരാണ് ദൗത്യത്തിന്റെ ഭാഗമായത്.യുഎസ്സില്‍ നിന്ന് ഗള്‍ഫ് സ്ട്രീം A0J 96 M എന്ന പ്രത്യേക വിമാനത്തിലാണ് റാണയെ ഡല്‍ഹിയില്‍ എത്തിച്ചത്.

ഡൽഹി |മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചത് സ്ഥിരീകരിച്ച് NIA. തഹാവൂർ റാണയെ ഇന്ത്യയിൽ എത്തിച്ച ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞുവെന്ന് എൻഐഎ.വർഷങ്ങളോളം നീണ്ടു നിന്ന ശ്രമത്തിനൊടുവിലാണ് തിരികെ കൊണ്ടുവരാൻ ആയത്. യുഎസ് സ്കൈ മാര്‍ഷല്‍, രഹസ്യന്വേഷണ ഏജൻസികളുടെ ഉദ്യോഗസ്ഥർ, എൻ എസ് ജി എന്നിവരാണ് ദൗത്യത്തിന്റെ ഭാഗമായത്.യുഎസ്സില്‍ നിന്ന് ഗള്‍ഫ് സ്ട്രീം A0J 96 M എന്ന പ്രത്യേക വിമാനത്തിലാണ് റാണയെ ഡല്‍ഹിയില്‍ എത്തിച്ചത്. ഇവിടെ വെച്ച് എന്‍ഐഎ അറസ്റ്റ് ചെയ്തു

റാണയുമായുള്ള പ്രത്യേക വിമാനം വൈകീട്ടോടെ ഡൽഹിയിലെ വ്യോമസേനാ താവളത്തിൽ എത്തി. ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ ഇയാളെ ദേശീയ അന്വേഷണ ഏജൻസിയുടെ(എൻഐഎ) ഓഫിസിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. മറ്റു നടപടി ക്രമങ്ങൾക്കു ശേഷം പിന്നീട് തിഹാർ ജയിലിലെ അതീവസുരക്ഷാ ബ്ലോക്കിലേക്ക് മാറ്റും.

എൻഐഎയുടെ പന്ത്രണ്ടംഗ സംഘമാണ് റാണയെ ചോദ്യം ചെയ്യുക. രണ്ട് ഐജി, ഒരു ഡിഐജി, ഒരു എസ്പി എന്നിവരാണ് സംഘത്തിലുള്ളത്. റാണയെ കസ്റ്റഡിയിൽ കിട്ടാൻ മുംബൈ ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നുണ്ട്. കൈമാറ്റ വ്യവസ്ഥകൾക്കനുസരിച്ചായിരിക്കും ഇതിലെ തീരുമാനമെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു.2008 നവംബര്‍ 26 ലെ മുംബൈ ഭീകരാക്രമണ ഗൂഢാലോചനയില്‍ ലഷ്‌കര്‍ ബന്ധമുള്ള റാണയ്ക്ക് പങ്കുണ്ടെന്ന ഇന്ത്യന്‍ വാദം അംഗീകരിച്ച് റാണയെ കൈമാറാന്‍ 2023 മേയ് 18 ന് യുഎസ് തീരുമാനിച്ചിരുന്നു. ഇതിനെതിരെ വിവിധ ഫെഡറല്‍ കോടതികളില്‍ റാണ അപേക്ഷ നല്‍കിയെങ്കിലും നിരസിക്കപ്പെട്ടു. തുടര്‍ന്ന് 2024 നവംബറില്‍ റാണ യുഎസ് പരമോന്നത കോടതിയെ സമീപിച്ചു. അപ്പീല്‍ സുപ്രിംകോടതി തള്ളിയതോടെയാണ് ഇന്ത്യയിലേക്കുള്ള വഴി തുറന്നത്.റാണയെ ഇന്ത്യയ്ക്കു കൈമാറാന്‍ 2025 ജനുവരി 25 ന് യുഎസ് കോടതി അനുമതിയും നല്‍കിയതിന് പിന്നാലെ പാക് വംശജനായ ഈ കനേഡിയന്‍ പൗരനെ ഇന്ത്യക്ക് വിട്ടു നല്‍കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് റാണ അടിയന്തര അപേക്ഷ നല്‍കിയെങ്കിലും യുഎസ് സുപ്രീം കോടതി ഇതും തള്ളിയിരുന്നു.റാണയെ ഇന്ത്യയിലെത്തിക്കുന്നതിനു മുന്നോടിയായി ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. റാണയെ ഇന്ത്യയിലെത്തിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്രത്തിന്റെ വിജയമാണെന്നായിരുന്നു അമിത് ഷായുടെ പ്രതികരണം.
മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഡാനിഷ് പത്രം ജൈലന്‍ഡ് പോസ്റ്റന്‍ ഓഫിസുകള്‍ ആക്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട 63 കാരനായ റാണ വര്‍ഷങ്ങളായി ലൊസാഞ്ചലസിലെ ജയിലിലായിരുന്നു. ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയും ഈ കേസില്‍ അറസ്റ്റിലായിരുന്നു.

You might also like

-