കലാലയഅങ്കണങ്ങളിൽ വ്യവസായ പാർക്കുകളാക്കാനുള്ള നീക്കം ചെറുക്കും .അഖിലേന്ത്യാ സേവ് എജുക്കേഷൻ കമ്മിറ്റി
കളിയും കലയും പ്രകൃതി പഠനവും ആശയ സംവാദങ്ങളുമെല്ലാം കലാലയത്തിന്റെ ആകെ സൃഷ്ടിയാണ്. എന്നാൽ പുതിയ വിദ്യാഭ്യാസ നയം കലകൾക്കോ കായിക പ്രവർത്തനങ്ങൾക്കോ പ്രാധാന്യം നൽകുന്നില്ല,പ്രകൃതിയുമായും ചുറ്റുപാടുമായുമുള്ള വിദ്യാർത്ഥികളുടെ ഇടപെടലിന് അവസരമൊരുക്കുന്ന ക്യാമ്പസസുകളെ ഭയപ്പെടുന്നുവെന്നാണ് മന്ത്രി പറഞ്ഞതിൽ നിന്ന് മനസ്സിലാക്കാവുന്നത്
തിരുവനന്തപുരം | കലാലയാങ്കണങ്ങളിൽ വ്യവസായ പാർക്കുകൾ ആരംഭിക്കുമെന്ന വ്യവസായ മന്ത്രി പി.രാജീവ് നിയമസഭയിൽ നടത്തിയ പ്രസ്താവന ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ കൂലിത്തൊഴിൽ ശാലയാക്കാനുള്ള നീക്കമാണെന്നും പ്രസ്താവന പിൻവലിക്കണമെന്നും അഖിലേന്ത്യാ സേവ് എജുക്കേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.കലാലയങ്ങൾക്ക് വലിയ ക്യാമ്പസുകളുണ്ടെന്നും പുതിയ വിദ്യാഭ്യാസ സാഹചര്യം അത്രയും ക്യാമ്പസ് ആവശ്യപ്പെടുന്നില്ലെന്നുമാണ് കലായങ്ങൾക്കകത്ത് വ്യവസായങ്ങൾ ആരംഭിക്കാൻ വ്യവസായ മന്ത്രി കണ്ടെത്തിയ പ്രധാന ന്യായം. അപ്പോൾ മന്ത്രിയുടെ കണ്ണ് കലാലയങ്ങളുടെ മണ്ണിലാണ്. കലാലയങ്ങൾ വ്യവസായികൾക്ക് തീറെഴുതി നൽകാനുള്ള ഗൂഢാലോചനയാണത്.
കളിയും കലയും പ്രകൃതി പഠനവും ആശയ സംവാദങ്ങളുമെല്ലാം കലാലയത്തിന്റെ ആകെ സൃഷ്ടിയാണ്. എന്നാൽ പുതിയ വിദ്യാഭ്യാസ നയം കലകൾക്കോ കായിക പ്രവർത്തനങ്ങൾക്കോ പ്രാധാന്യം നൽകുന്നില്ല,പ്രകൃതിയുമായും ചുറ്റുപാടുമായുമുള്ള വിദ്യാർത്ഥികളുടെ ഇടപെടലിന് അവസരമൊരുക്കുന്ന ക്യാമ്പസസുകളെ ഭയപ്പെടുന്നുവെന്നാണ് മന്ത്രി പറഞ്ഞതിൽ നിന്ന് മനസ്സിലാക്കാവുന്നത്. വ്യവസായ പാർക്കുകൾ കലാലയങ്ങൾക്കകത്ത് സ്ഥാപിക്കുക വഴി വിദ്യാർത്ഥികൾക്ക് ഗവേഷണത്തിനാവശ്യമായ സാഹചര്യവും വ്യവസായങ്ങൾക്ക് യുവതലമുറയെ ഇന്റേൺഷിപ്പ് പരിപാടികൾ ഉപയോഗപ്പെടുത്താമെന്നും മന്ത്രി വാദിക്കുന്നു.ദേശീയ വിദ്യാഭ്യാസ നയം 2020 മുന്നോട്ടുവെക്കുന്ന ‘ വ്യവസായ കാഴ്ചപ്പാടാണ് വ്യവസായ മന്ത്രിയുടെ പ്രസ്താവനയിൽ മുഴച്ച് നിൽക്കുന്നത്. ആറാം ക്ലാസ് മുതലുള്ള വിദ്യാഭ്യാസം തൊഴിലധിഷ്ഠിതമായിരിക്കണമെന്നും എട്ടാം ക്ലാസ് മുതൽ വിദ്യാലയങ്ങളിൽ തൊഴിൽ പരിശീലനം നൽകണമെന്നുമാണ് ദേശീയ വിദ്യാഭ്യാസ നയം 2020 പറയുന്നത്.അതിന് തുടർച്ചയായി,കലാലയങ്ങളിൽ വ്യവസായ സംരംഭം ആരംഭിക്കുന്നു.കലാലയങ്ങളെ തന്നെ അത് പൂർണമായും ഇല്ലാതാക്കുന്ന സ്ഥിതി വരുത്തും . ഇതിന് സംസ്ഥാന സർക്കാർ കൂട്ട് നിൽക്കരുതെന്നും അഖിലേന്ത്യാ സേവ് എജുക്കേഷൻ കമ്മിറ്റി ആവശ്യപ്പെടുന്നു.
ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പിലാക്കാനുള്ള സന്നദ്ധത വ്യക്തമാക്കുകയാണ് മന്ത്രി ചെയ്തിരിക്കുന്നത്. കോഴിക്കോട് സർവകലാശാലയിൽ സംരഭക അനുയോജ്യ പാഠ്യപദ്ധതി നടപ്പിലാക്കാൻ കൈകൊണ്ട തീരുമാനവും മഹാത്മാ ഗാന്ധി സർവകലാശാല സമർപ്പിച്ച നിർദേശങ്ങളുമെല്ലാം സംസ്ഥാന സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തോടുള്ള അനുകൂല സമീപനം വെളിപ്പെടുത്തുന്നുമുണ്ട്. ഗവേഷണമെന്ന വിജ്ഞാനോൽപ്പാദന പ്രക്രിയയെ അവസാനിപ്പിക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കാഴ്ചപ്പാടുകൾ സംസ്ഥാനത്ത് നടപ്പിലാക്കരുതെന്നും അഖിലേന്ത്യാ സേവ് എജുക്കേഷൻ കമ്മിറ്റി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്നു.വിദ്യാഭ്യാസമെന്നാൽ വിജ്ഞാനാർജനമാണ്, ആശയങ്ങൾ രൂപീകരിക്കാൻ മസ്തിഷ്കത്തിന് നൽകുന്ന പരിശീലനമാണ്. തൊഴിൽ പരിശീലനമോ പേശികളെ തൊഴിലിടത്തിന് വേണ്ടി വഴക്കിയെടുക്കുന്ന പ്രക്രിയയോയല്ലത്.
പുതിയ നയം പാഠശാലകളേയും വ്യവസായശാലയേയും ഒന്നാക്കി മാറ്റുന്നു. വിദ്യാർത്ഥികളെ കൂലിതൊഴിലാളിയാക്കി യന്ത്രത്തിന്റെ ഭാഗമാക്കുന്നു. അവരുടെ ചിന്തയെപോലും കവർന്നെടുക്കുന്ന അതിഭീകരമായ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ ദുരന്തത്തിലേക്ക് നമ്മുടെ രാജ്യത്തെ നയിക്കുന്ന നയമാണിത്. അതുകൊണ്ട് കലാലയങ്ങളെ കലാലയങ്ങളായി നിലനിർത്തണമെന്ന് അഖിലേന്ത്യാ സേവ് എജുക്കേഷൻ കമ്മിറ്റി സംസ്ഥാന പ്രസിഡന്റ് ഡോ.ജോർജ് ജോസഫ്, സംസ്ഥാന സെക്രട്ടറി അഡ്വ.ഇ.എൻ.ശാന്തിരാജ് എന്നിവർ പറഞ്ഞു