മഴ കുറഞ്ഞേക്കും, സംസ്ഥാനത്ത് കാലവർഷം നാളെയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുണ്ട്.
കൊച്ചി :സംസ്ഥാനത്ത് കാലവർഷം നാളെയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇത്തവണ കാലവര്‍ഷം ശരാശരിയില്‍ കുറവായിരിക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. നാളെ മുതല്‍ സംസ്ഥാനത്ത് കാലവര്‍ഷം സജീവമാകും. മെയ് 31 ന് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. എന്നാല്‍ തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാകാത്തതിനാലാണ് മണ്‍സൂണ്‍ ഇത്തവണ വൈകിയത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത. പൊതുജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കണം. കേരള തീരത്ത് മണിക്കൂറില്‍ പരമാവധി 50 കിമി വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. തെക്കന്‍ തമിഴ്‌നാട് തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്നും കേരള തീരത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.
ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള മഴ ഇത്തവണ ശരാശരിയില്‍ കുറവായിരിക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം ഇത്തവണ റെക്കോര്‍ഡ് സൃഷ്ടിച്ചാണ് വേനല്‍ മഴയുണ്ടായത്. ഈ കാലയളവില്‍ 750 മില്ലിമിറ്റര്‍ മഴ ലഭിച്ചു. 108 ശതമാനം അധികമഴയാണ് ഇത്. കഴിഞ്ഞ 50 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന മഴയാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്. കഴിഞ്ഞ 100 വർഷമായി സംസ്ഥാനത്ത് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന നാലാമത്തേതുമാണ്.