288 പേര്‍ അനുകൂലിച്ചു. 232 പേര്‍ എതിര്‍ത്തു 14മണിക്കൂർ പിന്നിട്ട ചർച്ചകൾക്കൊടുവിൽ വഖഫ് ബില്‍ ലോക്‌സഭ പാസാക്കി.

ബില്ല് എങ്ങനെയാണ് മുസ്ലിങ്ങള്‍ക്ക് എതിരെ ആകുന്നത്. വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകള്‍ ട്രൈബ്യൂണലില്‍ ഉണ്ട്. എല്ലാ ഭൂമിയും ഈ രാജ്യത്തിന്റെതാണ്. ബില്ലിലൂടെ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയും. നീതി ലഭിക്കും. നീതി വൈകുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണ്.

ഡൽഹി |14മണിക്കൂർ പിന്നിട്ട ചർച്ചകൾക്കൊടുവിൽ വഖഫ് ബില്‍ ലോക്‌സഭ പാസാക്കി. വോട്ടെടുപ്പില്‍ ബില്ലിനെ 288 പേര്‍ അനുകൂലിച്ചു. 232 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. ഓരോ ഭേദഗതിയിന്‍മേലുള്ള വോട്ടെടുപ്പാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നത്. പ്രതിപക്ഷ നിര്‍ദേശങ്ങള്‍ വോട്ടിനിട്ട് തള്ളി. എന്‍ കെ പ്രേമചന്ദ്രന്‍, കെ സുധാകരന്‍, കെസി വേണുഗോപാല്‍, ഇടി മുഹമ്മദ് ബഷീര്‍, കെ.രാധാകൃഷ്ണന്‍ എന്നിവരുടെതുള്‍പ്പടെയുള്ള പ്രതിപക്ഷ ഭേദഗതികള്‍ ശബ്ദവോട്ടോടെ തള്ളി.വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയ്ക്ക് കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജു മറുപടി പറഞ്ഞു. ചര്‍ച്ചയുടെ ഭാഗമായ ഭരണപ്രതിപക്ഷ അംഗങ്ങളെ നന്ദി അറിയിക്കുന്നവെന്ന് പറഞ്ഞാണ് കിരണ്‍ റിജിജു തന്റെ മറുപടി ആരംഭിച്ചത്. വഖഫ് ബൈ യൂസര്‍ വ്യവസ്ഥ ഒഴിവാക്കിയതിനെ മന്ത്രി ന്യായീകരിച്ചു. രേഖയില്ലാതെ ഒരു വസ്തുവിന്റെ ഉടമസ്ഥാവകാശം എങ്ങനെ സ്ഥാപിക്കാനാവും എന്ന് കിരണ്‍ റിജിജു.
“ബില്ല് എങ്ങനെയാണ് മുസ്ലിങ്ങള്‍ക്ക് എതിരെ ആകുന്നത്. വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകള്‍ ട്രൈബ്യൂണലില്‍ ഉണ്ട്. എല്ലാ ഭൂമിയും ഈ രാജ്യത്തിന്റെതാണ്. ബില്ലിലൂടെ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയും. നീതി ലഭിക്കും. നീതി വൈകുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണ്. മുസ്ലിം സ്ത്രീകളുടെയും കുട്ടികളുടെയും യുവാക്കളുടെയും ക്ഷേമത്തിനായാണ് ഈ ബില്ല് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്. ഏത് ഭാഷയിലാണ് പ്രതിപക്ഷത്തെ പറഞ്ഞു മനസ്സിലാക്കേണ്ടത്. ബില്ലിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. മുനമ്പത്തെ 600 കൂടുംബങ്ങളുടെ പ്രതിനിധികള്‍ തന്നെ കണ്ടിരുന്നു. കേരളത്തിലെ പ്രശ്‌നം പരിഹാരമാകും. ബില്‍ പാസാക്കുന്നതോടെ മുനമ്പത്തെ ജനങ്ങളുടെ പ്രയാസത്തിന് അവസാനമാകും. ക്രിസ്ത്യന്‍ വിഭവങ്ങള്‍ ആവശ്യപ്പെട്ടത് എംപിമാര്‍ ബില്ലിനെ പിന്തുണയ്ക്കണം എന്നാണ്. ഭരണഘടനയും ദേശീയപതാകയും കയ്യിലെടുത്ത് രാജ്യത്തിനെതിരെ പോരാടുന്നത് അംഗീകരിക്കില്ല. ഭരണഘടന കയ്യില്‍ പിടിച്ചു നടന്നതുകൊണ്ട് മാത്രം ആയില്ല. ഭരണഘടനയുടെ സ്പിരിറ്റ് ഉള്‍ക്കൊള്ളാന്‍ കൂടി പഠിക്കണം. മുസ്ലിംകളെ ഭിന്നിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത് “– കിരണ്‍ റിജിജു പറഞ്ഞു
2025 ഏപ്രിൽ മൂന്ന് വ്യാഴാഴ്ച പുലർച്ചെ 2 മണിയോടെയാണ് ബിൽ പാസായത്. വഖഫ് സ്വത്തുക്കളെ നിയന്ത്രിക്കുന്ന 1995 ലെ നിയമം ഭേദഗതി ചെയ്യുന്നതിനാണ് കേന്ദ്ര സർക്കാർ ബിൽ അവതരിപ്പിച്ചത്. ബിൽ ഇന്നുതന്നെ രാജ്യസഭയിലും അവതരിപ്പിക്കും. ബിൽ പരിശോധിക്കാൻ രൂപീകരിച്ച സംയുക്ത പാർലമെന്ററി സമിതി തങ്ങളുടെ നിർദ്ദേശങ്ങൾ പരിഗണിച്ചില്ലെന്ന് പ്രതിപക്ഷം വാദിച്ചു. ബിൽ ഭരണഘടനാ വിരുദ്ധമാണെന്നും സർക്കാർ ന്യൂനപക്ഷങ്ങളെ അപകീർത്തിപ്പെടുത്താനും അവകാശങ്ങൾ നിഷേധിക്കാനും ശ്രമിക്കുകയാണെന്നും ഭരണഘടനയ്‌ക്കെതിരെ 4D ആക്രമണം നടത്തുകയാണെന്നും കോൺഗ്രസ് പ്രഖ്യാപിച്ചു. വഖഫ് സ്വത്തിൽ അവകാശം ഉന്നയിക്കാൻ രേഖ നിർബന്ധമാക്കുമെന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. സ്ത്രീകളെയും അമുസ്ലീമുകളെയും ബോർഡിൽ ഉൾപ്പെടുത്താനും ബില്ല് നിർദേശിക്കുന്നു. ട്രൈബ്യൂണൽ വിധിയിൽ ആക്ഷേപമുള്ളവർക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും ബില്ല് നിഷ്കർഷിക്കുന്നു.

5 വർഷം ഇസ്ലാം മതം പിന്തുടർന്നവർക്കേ വഖഫ് നൽകാനാവൂ എന്ന വ്യവസ്ഥയും ബില്ലിലുണ്ട്. വഖഫ് ബൈ യൂസർ വ്യവസ്ഥക്ക് പകരം, വഖഫ് ഡീഡ് എന്ന വ്യവസ്ഥ നിർബന്ധമാക്കി. വഖഫ് സംബന്ധിച്ച ട്രൈബ്യൂണൽ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാമെന്നും സംസ്ഥാന സർക്കാർ നിയോഗിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥൻ തർക്കങ്ങളിൽ തീർപ്പ് കൽപ്പിക്കുമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ജില്ലാ കളക്ടർ എന്ന വ്യവസ്ഥ എടുത്ത് മാറ്റി. വഖഫ് പട്ടിക വിജ്ഞാപനം ചെയ്താൽ 90 ദിവസത്തിനകം വഖഫ് പോർട്ടലിലും, ഡാറ്റാബേസിലും അപ്ലോഡ് ചെയ്യണം. രജിസ്റ്റർ ചെയ്യാത്ത വഖഫ് സ്വത്തുക്കൾ സർക്കാരിനേറ്റെടുക്കാമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്.

You might also like

-