ഭരണത്തിലിരുന്നപ്പോൾ സാമൂഹിക നീതി നടപ്പാക്കാത്ത പാർട്ടിയാണ് ലീഗ്
ലീഗ് ശ്രമിക്കുന്നത് മതവിദ്വേഷം പരത്താനാണ്. മുസ്ലീങ്ങളെ ആകെ ഈഴവർക്കെതിരെ തിരിക്കാൻ ശ്രമിക്കുന്നു. ലീഗിനും ലീഗ് നേതാക്കൾക്കും ദുഷ്ടലാക്കാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സിപിഐയ്ക്കെതിരെയും വെള്ളാപ്പള്ളി വിമർശനമുന്നയിച്ചു
ആലപ്പുഴ| യുഡിഎഫിന് അധികാരം കിട്ടിയാൽ മറ്റൊരു മാറാട് കലാപം സൃഷ്ടിക്കാൻ ലീഗിന് ദുഷ്ടലാക്കാണെന്നും മുസ്ലിം സമുദായത്തെ ഈഴവർക്ക് എതിരാക്കാൻ ലീഗ് ശ്രമിക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മതസൗഹാർദമില്ലാതാക്കി വർഗീയ കലാപം നടത്താനുള്ള ലീഗിന്റെ കുൽസിത ശ്രമമാണ് നടത്തുന്നതെന്ന് അദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഭരണത്തിലിരുന്നപ്പോൾ സാമൂഹിക നീതി നടപ്പാക്കിയോ എന്ന് ചോദിച്ച വെള്ളാപ്പള്ളി നടേശൻ ആത്മപരിശോധന നടത്താൻ ലീഗിനെ വെല്ലുവിളിക്കുന്നുവെന്നും വ്യക്തമാക്കി. ലീഗ് ശ്രമിക്കുന്നത് മതവിദ്വേഷം പരത്താനാണ്. മുസ്ലീങ്ങളെ ആകെ ഈഴവർക്കെതിരെ തിരിക്കാൻ ശ്രമിക്കുന്നു. ലീഗിനും ലീഗ് നേതാക്കൾക്കും ദുഷ്ടലാക്കാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സിപിഐയ്ക്കെതിരെയും വെള്ളാപ്പള്ളി വിമർശനമുന്നയിച്ചു. സിപിഐ നിലപാട് മുന്നണിയിൽ അനൈക്യമെന്ന തോന്നലുണ്ടാക്കി. ശരിയും തെറ്റും സിപിഐ മുന്നണിക്കുള്ളിൽ ചർച്ച ചെയ്യണമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ഇടതിന്റെ പിൻബലം പിന്നാക്കക്കാരുടെ പിന്തുണയാണ്. അത് സിപിഐ മനസിലാക്കണം. ശബരിമലയിലെ സർക്കാർ നിലപാട് ആത്മാർത്ഥതയുള്ളതെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം. ശബരിമല വിഷയത്തിൽ സർക്കാരിനെ കുറ്റപ്പെടുത്താനില്ല. ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെയെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.കഴിഞ്ഞ ദിവസം ഉണ്ടായത് ദുരനുഭവമാണ്. 89 വയസ്സുണ്ടെന്നും പരിപാടിയിൽ നിന്ന് ഇറങ്ങിയത് ഉച്ച സമയത്താണെന്നും വെള്ളാപ്പള്ളി പറഞ്ഞു. പ്രായത്തെ ബഹുമാനിക്കണ്ടേ? ഈ സമയത്ത് പ്രതികരണം വേണോ എന്ന് താൻ ചോദിച്ചതാണെന്നും ആയിരുന്നു മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച സംഭവത്തെക്കുറിച്ച് വെള്ളാപ്പള്ളിയുടെ വിശദീകരണം. മര്യാദ കാണിക്കണ്ടേ? ഞാൻ മൈക്ക് തട്ടിയത് ശരിയാണ്. കുറച്ചു നാളായി എന്റെ ചോരയ്ക്ക് വേണ്ടി നടക്കുന്നു. അവർ സ്വയം ആത്മ പരിശോധന നടത്തണ്ടേ? പക്വത കാണിക്കണ്ടേ? ഞാൻ എന്ത് തെറ്റാണ് ഞാൻ ചെയ്തതെന്നും വെള്ളാപ്പള്ളി ചോദിച്ചു. മാധ്യമപ്രവര്‍ത്തകനെ തീവ്രവാദിയെന്നാണ് വെള്ളാപ്പള്ളി വിശേഷിപ്പിച്ചത്. തുടര്‍ന്ന് മാധ്യമപ്രവർത്തകനെ തീവ്രവാദി എന്ന് പറഞ്ഞത് ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്നും അങ്ങനെ വിവരം ഉണ്ടെന്നും ആണ് വെള്ളാപ്പള്ളി മറുപടി നൽകിയത്.
ഈഴവ സമുദായത്തിന് തന്നതെല്ലാം ലീഗ് അടിച്ചുമാറ്റിയെന്ന് വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. യുഡിഎഫ് അധികാരത്തിൽ ഇരുന്നപ്പോൾ എല്ലാം ഒപ്പിട്ട് എടുത്തു. അധികാരത്തിൽ ഇരുന്നപ്പോൾ സാമൂഹിക നീതി നടപ്പാക്കിയില്ല. വകുപ്പും മന്ത്രിയും ഒക്കെ മലപ്പുറത്തു നിന്ന് പ്രഖ്യാപിക്കപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ് ലീഗിന്റേത് മാത്രമാക്കിയെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ആത്മപരിശോധന നടത്താന്‍ മുസ്ലിം ലീഗിനം വെല്ലുവിളിക്കുന്നു. ഒരു ജില്ലയില്‍ മാത്രം 18 കോളജ്. 1200 ഓളം സ്‌കൂളുകള്‍. അധികാരത്തില്‍ ഇരുന്നപ്പോള്‍ എല്ലാം ഒപ്പിട്ടെടുത്തെന്ന് അദേഹം പറഞ്ഞു.യുഡിഎഫ് ഭരിക്കുമ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. നയത്തിന്റെ ഭാഗമായാണ് എൽഡിഎഫ് അനുമതി നൽകാത്തത്. അപേക്ഷ ക്ഷണിക്കുമ്പോള്‍ അപേക്ഷിക്കും. ചതിയൻ ചന്തു പരാമർശത്തിൽ ഉറച്ച് നിൽക്കുന്നുണ്ടോ എന്ന് ചോദ്യത്തിന് പറഞ്ഞതിൽ എല്ലാം ഉറച്ചു നിൽക്കുന്നുവെന്നും ഒരു മാറ്റവും ഇല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിനോയ് വിശ്വത്തിന്റെ കാറിൽ സഞ്ചരിക്കേണ്ട കാര്യം തനിക്കില്ല. എംഎൻ ഗോവിന്ദൻ അടക്കമുള്ള ആളുകൾ തന്റെ കാറിൽ കയറിയിട്ടുണ്ട്. സിപിഐയെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു. തന്റെ കയ്യിൽ നിന്ന് കൈനീട്ടി കാശ് വാങ്ങിയപ്പോൾ അവർ പറഞ്ഞ കാര്യങ്ങൾ ഇവിടെ പറയാൻ പറ്റില്ല. അവർ പറഞ്ഞ കാര്യങ്ങൾ ഞാൻ ഇവിടെ പറയുന്നില്ല.