ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി അമേരിക്കയെ പിന്തള്ളി രണ്ടാമതെത്തി
സാംസങിനെ പിന്തള്ളി വിവോ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തി. ഷവോമിയാണ് ഒന്നാമത്.
ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി അമേരിക്കയെ പിന്തള്ളി രണ്ടാമതെത്തി. കൗണ്ടര്‍ പോയിന്റ് പുറത്തുവിട്ട വാര്‍ഷിക കണക്കെടുപ്പില്‍ ചൈനക്ക് പിന്നില്‍ രണ്ടാമതാണ് ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി. ഇതേ കാരണം കൊണ്ടുതന്നെ കഴിഞ്ഞ വര്‍ഷത്തെ അവസാന പാദത്തില്‍ സാംസങിനെ പിന്തള്ളി വിവോ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തി. ഷവോമിയാണ് ഒന്നാമത്.
അതേസമയം വാര്‍ഷിക ശതമാനക്കണക്കില്‍ സാംസങ് രണ്ടാംസ്ഥാനം നിലനിര്‍ത്തി. ആകെ വില്‍പനയുടെ 28 ശതമാനം ഷവോമി കയ്യടക്കിയപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ വിറ്റ ഫോണുകളില്‍ 21ശതമാനം സാംസങിന്റേതും 16ശതമാനം വിവോയുടേതുമാണ്. റിയല്‍മി(10) ഒപ്പോ(9), മറ്റു സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍(16) എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വാര്‍ഷിക വില്‍പന ശതമാനക്കണക്ക്.