ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ സംയുക്ത പ്രസ്താവന പുറത്തിറക്കി,അമേരിക്കയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യും
അഞ്ചുവര്‍ഷത്തിനുള്ളിൽ 50000 കോടി ഡോളറിന്‍റെ സാധനങ്ങള്‍ അമേരിക്ക ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും. കാര്‍ഷിക, ക്ഷീര മേഖലകളിൽ നിയന്ത്രിത ഇളവാണ് വരുത്തിയിരിക്കുന്നത്
ഡല്‍ഹി | ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ സംബന്ധിച്ച ഇരുരാജ്യങ്ങളുടെയും സംയുക്ത പ്രസ്താവന പുറത്തിറക്കി. കരാര്‍ യാഥാര്‍ത്ഥ്യമായതോടെ അമേരിക്കയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുകയും ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയിരുന്ന തീരുവ 18 ശതമാനമാക്കി കുറയ്ക്കുകയും ചെയ്തു. തുണിത്തരങ്ങള്‍, ചെരുപ്പ് തുടങ്ങിയ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ തീരുവ കുറയ്ക്കാനും ധാരണയുണ്ട്. സോയാബീന്‍ ഓയില്‍, വൈന്‍, സ്പിരിറ്റ് എന്നിവയ്ക്ക് തീരുവയില്ല.
ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന ചില വിമാനങ്ങള്‍ക്കും വിമാന ഭാഗങ്ങള്‍ക്കും മേലുള്ള നികുതി ഒഴിവാക്കും. അമേരിക്കയില്‍ നിന്നുള്ള കാര്‍ഷിക വിഭവങ്ങള്‍ക്കും നികുതി ഇളവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബദാം, പഴങ്ങള്‍ തുടങ്ങിയവയുടെ നികുതിയിലും ഇളവുണ്ട്. കരാര്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിലൂടെ മരുന്നുകള്‍, രത്‌നം, വജ്രം, എന്നിവയുടെ നികുതി അമേരിക്ക ഒഴിവാക്കും. ഇരുരാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള മേഖലകളില്‍ വിപണി സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ബാധ്യതയുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
അമേരിക്കയിൽ നിന്നുള്ള നിരവധി ഉത്പന്നങ്ങള്‍ക്ക് തീരുവ ഒഴിവാക്കും അമേരിക്കയിൽ നിന്നുള്ള ധാന്യങ്ങളും പഴങ്ങളും ഉള്‍പ്പെടെ കാര്‍ഷിക വിഭവങ്ങള്‍ ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നതിനും നികുതി ഇളവുണ്ടാകും. അഞ്ചുവര്‍ഷത്തിനുള്ളിൽ 50000 കോടി ഡോളറിന്‍റെ സാധനങ്ങള്‍ അമേരിക്ക ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും. കാര്‍ഷിക, ക്ഷീര മേഖലകളിൽ നിയന്ത്രിത ഇളവാണ് വരുത്തിയിരിക്കുന്നത്. ചില അമേരിക്കൻ വിളകൾക്ക് തീരുവ കുറയ്ക്കും. മണിച്ചോളം, സോയബീൻ എണ്ണ, പിസ്ത, കശുവണ്ടി, ബദാം, പഴങ്ങൾ എന്നിവയ്ക്ക് ഇന്ത്യ തീരുവ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യും. ഇന്ത്യൻ അരി ഇറക്കുമതിക്ക് മുൻഗണന നൽകുമെന്ന് യുഎസ് സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കുന്നു. അതേസമയം, കരാര്‍ ഇന്ത്യയുടെ ക്ഷീര മേഖലയ്ക്ക് സംരക്ഷണമുണ്ടാകും. ഓറഞ്ച്, പ്ലം, മുന്തിരി, നാരങ്ങ, വാഴപഴം എന്നിവയ്ക്ക് ഇന്ത്യ നികുതി ഇളവ് നൽകില്ല.തേയിലയ്ക്കും ഇന്ത്യ തീരുവ കുറയ്ക്കില്ല, മാങ്ങ ഇറക്കുമതിക്കും നിയന്ത്രണം തുടരും. ഇന്ത്യ മസാലകള്‍ക്കും ഉള്ളിക്കും ഉരുളക്കിഴങ്ങിനും പൂര്‍ണ സംരക്ഷണം ഉണ്ടാകും. ഇവ ഇറക്കുമതി ചെയ്യുന്നതിനുള്ള നിയന്ത്രണം തുടരും.
അമേരിക്കൻ മദ്യത്തിന് ഇന്ത്യ തീരുവ കുറയ്ക്കുമെന്നും പ്രസ്താവനയിലുണ്ട്. ഇന്ത്യയിൽ നിന്ന് റബ്ബര്‍, പ്ലാസ്റ്റിക്, തുണിത്തരങ്ങള്‍, തുകൽ, ചെരുപ്പ്, മരുന്നുകൾ, വിമാനഭാഗങ്ങൾ, വാഹന സ്പെയർ പാര്‍ട്സ് തുടങ്ങിയവ അമേരിക്കയിലേക്ക് കയറ്റി അയക്കുന്നതിലും ഇളവുണ്ടാകും. ഇന്ത്യയും അമേരിക്കയും കരാറിലെത്തിയെന്നും ഇന്ത്യയ്ക്കുള്ള നികുതി 18 ശതമാനമാക്കി കുറച്ചെന്നും നേരത്തെ ട്രംപ് വ്യക്തമാക്കിയിരുന്നെങ്കിലും കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. അതേസമയം, ഇരുരാജ്യങ്ങളും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ റഷ്യൻ എണ്ണയെക്കുറിച്ച് പരാമര്‍ശമില്ല. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന കാര്യമടക്കം പരാമര്‍ശിച്ചിട്ടില്ല. അതേസമയം, ഇന്ത്യയുമായുള്ള വ്യാപാര കരാറുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്‍റ് ട്രംപ് പുറത്തിറക്കിയ ഉത്തരവിൽ റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്നാണ് വ്യക്തമാക്കുന്നത്. അതിനാൽ തന്നെ ഇക്കാര്യത്തിൽ അവ്യക്തത തുടരുകയാണ്.