ആർടിപിസിആർ പരിശോധനാ നിരക്ക് കുറച്ചതിനെതിരെ സ്വകാര്യ ലാബുടമകൾ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
വിതരണ കമ്പനികൾ ഓക്സിജൻ വില വർധിപ്പിച്ചതിനെതിരെ സ്വകാര്യ ആശുപത്രികൾ സമർപ്പിച്ച ഹർജിയും കോടതി പരിഗണിക്കും.
കൊച്ചി :സംസ്ഥാനത്തെ ആർടിപിസിആർ പരിശോധനാ നിരക്ക് കുറച്ചതിനെതിരെ സ്വകാര്യ ലാബുടമകൾ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നിരക്ക് 500 രൂപയായി കുറച്ച സർക്കാർ നടപടി നേരത്തെ ഹൈക്കോടതി സിംഗിൾ ബഞ്ച് ശരി വച്ചിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് ലാബുടമകൾ അപ്പീലുമായി വീണ്ടും കോടതിയെ സമീപിച്ചത്.നേരത്തെ ഡിവിഷൻ ബഞ്ച് ഐസിഎംആറിനോടും സർക്കാരിനോടും വിലയുടെ കാര്യത്തിൽ വിശദീകരണം തേടിയിരുന്നു. ഇരു കക്ഷികളും ഇന്ന് നിലപാടറിയിച്ചേക്കും. വിതരണ കമ്പനികൾ ഓക്സിജൻ വില വർധിപ്പിച്ചതിനെതിരെ സ്വകാര്യ ആശുപത്രികൾ സമർപ്പിച്ച ഹർജിയും കോടതി പരിഗണിക്കും.