അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന ദിലീപിന്റേയും കൂട്ടുപ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
ആലുവ കോടതിയിൽവെച്ച് ഫോൺ തുറക്കാനാകില്ലെന്ന് തടസവാദമാണ് പ്രതിഭാഗം ഉന്നയിച്ചത്. പ്രതികൾ കൈമാറിയ ഫോണിന്‍റെ പാറ്റേൺ ശരിയാണെന്ന് ഉറപ്പുവരുത്തിയശേഷം പരിശോധനയ്ക്ക് അയക്കണമെന്ന നിലപാട് പ്രോസിക്യൂഷനും സ്വീകരിക്കുകയായിരുന്നു.
കൊച്ചി | ബാലചന്ദ്രകുമാറിന്റെ ആരോപണത്തെത്തുടർന്നു പോലീസ് രജിസ്റ്റർ ചെയ്ത അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റേയും കൂട്ടുപ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്വേഷണത്തോട് പൂർണമായി സഹകരിച്ചെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ട ഫോണുകളിൽ തങ്ങളുടെ കൈവശമുളളത് ഹാജരാക്കിയെന്നും ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യം വേണമെന്നും പ്രതിഭാഗം ആവശ്യപ്പെടും. കേസിനെ വഴി തിരിച്ചുവിടാൻ പ്രതിഭാഗം ശ്രമിക്കുകയാണെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട മുഴുവൻ ഫോണുകളും ഹാജരാക്കിയിട്ടില്ലെന്നും പ്രോസിക്യൂഷൻ അറിയിക്കും. ഇതിനിടെ ദിലീപും കൂട്ടുപ്രതികളും കൈമാറിയ ആറു ഫോണുകൾ ഫൊറൻസിക് പരിശോധന നടത്തുന്നത് സംബന്ധിച്ച് ആലുവ മജിസ്ട്രേറ്റ് കോടതി ഇന്ന് തീരുമാനമെടുക്കും. ഫോണുകൾ കോടതിയിൽവെച്ച് തുറന്നുപരിശോധിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം പ്രതിഭാഗം ഇന്നലെ എതിർത്തിരുന്നു.
അതേസമയം ദിലീപും കൂട്ടുപ്രതികളും കൈമാറിയ ആറു ഫോണുകൾ ഫൊറൻസിക് പരിശോധന നടത്തുന്നത് സംബന്ധിച്ച് ആലുവ മജിസ്ട്രേറ്റ് കോടതി ഇന്ന് തീരുമാനമെടുക്കും. ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും ഫോണുകൾ പരിശോധനയ്ക്കയ്ക്കുന്നതിനെച്ചൊല്ലി ഇന്നലെ തർക്കം മൂത്തതോടെയാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. ആലുവ കോടതിയിൽവെച്ച് ഫോൺ തുറക്കാനാകില്ലെന്ന് തടസവാദമാണ് പ്രതിഭാഗം ഉന്നയിച്ചത്. പ്രതികൾ കൈമാറിയ ഫോണിന്‍റെ പാറ്റേൺ ശരിയാണെന്ന് ഉറപ്പുവരുത്തിയശേഷം പരിശോധനയ്ക്ക് അയക്കണമെന്ന നിലപാട് പ്രോസിക്യൂഷനും സ്വീകരിക്കുകയായിരുന്നു. തർക്കം തുടർന്നതോടെയാണ് തീരുമാനമെടുക്കുന്നത് ആലുവ മജിസ്ട്രേറ്റ് കോടതി ഇന്നത്തേക്ക് മാറ്റിയത്.
സിനിമ ചിത്രീകരണ സെറ്റുകളിൽ ആഭ്യന്തരപരാതി പരിഹാര സെൽ വേണമെന്ന ഡബ്ല്യുസിസിയുടെ ഹർജിയിൽ സംസ്ഥാന വനിത കമ്മീഷനെ കക്ഷി ചേർത്ത് ഹൈക്കോടതി. കമ്മീഷന്‍റെ ആവശ്യപ്രകാരമാണ് നടപടി. വനിത കമ്മീഷനോട് ഇക്കാര്യത്തിൽ വിശദമായ സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. സിനിമ ചിത്രീകരണ വേളകളിൽ സ്ത്രീസൗഹൃദ തൊഴിലിടം ഉറപ്പാക്കാൻ എന്ത് നടപടികൾ എടുക്കാൻ കഴിയുമെന്ന് സത്യവാങ്മൂലത്തിൽ വിശദീകരിക്കാൻ കോടതി ആവശ്യപ്പെട്ടു. 2018ലാണ് മലയാള സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യുസിസി ഹൈക്കോടതിയിൽ ഹർജി നൽകിയത്. അതേസമയം ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് സർക്കാരിന് നിർദ്ദേശം നൽകാനാവില്ലെന്ന് ഹൈക്കോടതി. റിപ്പോർട്ട് നടപ്പാക്കണമോ എന്നത് സർക്കാരിന്റെ വിവേചനാധികാരമാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് നിരീക്ഷിച്ചു.