പോക്‌സോ കേസിൽ റോയ് വയലാട്ട് അടക്കമുള്ള മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
അഞ്ജലി റീമ ദേവ്, സൈജു തങ്കച്ചൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയും ഇതോടൊപ്പം ഹൈക്കോടതി പരിഗണിക്കുന്നുണ്ട്
കൊച്ചി | പോക്‌സോ കേസിൽ ഫോർട്ട്‌കൊച്ചി നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ട് അടക്കമുള്ള മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അഞ്ജലി റീമ ദേവ്, സൈജു തങ്കച്ചൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയും ഇതോടൊപ്പം ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. കോഴിക്കോട് സ്വദേശിയായ അമ്മയുടെയും പെൺകുട്ടിയുടെയും പരാതിയിലാണ് പോലീസ് റോയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.കേസിലെ വിചാരണ നടക്കുമ്പോൾ, തുടക്കം മുതൽ ഈ നാടകങ്ങൾക്കെല്ലാം പിന്നിൽ ഒരു പോലീസ് ഉദ്യോഗസ്ഥനാണെന്ന് റോയിയുടെ അഭിഭാഷകൻ ആരോപിച്ചിരുന്നു. പരാതിക്കാരി എല്ലാ ദിവസവും ചാനലിൽ എത്തി തെറ്റായ കാര്യങ്ങൾ പറയുകയാണ്. കേസിൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ഹാജരാക്കാനുണ്ടെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നുമാണ് റോയിയുടെ അഭിഭാഷകൻ അറിയിച്ചത്.
അതേസമയം, പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. സമൂഹമാദ്ധ്യമങ്ങളിലൂടെയും മറ്റും നിരന്തരം പരാതിക്കാരിയെ അപമാനിക്കുകയാണെന്നും പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകരുതെന്നുമാണ് പ്രോസിക്യൂഷന്റെ ആവശ്യം.