ബന്ധം വഷളാകുമ്പോൾ ഉയർത്തുന്ന ലൈംഗിക ആരോപണം ബലാത്സംഗമായി കാണാനാകില്ലെന്ന് ഹൈക്കോടതി
ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ജാമ്യം അനുവദിച്ചത്. ഇത്തരം കേസുകളിൽ വിവാഹ വാഗ്ദാനം നൽകിയിട്ടാണോ ശാരീരിക ബന്ധത്തിനുള്ള സമ്മതം ലഭിച്ചത് എന്നതാണ് നിർണായകമായി പരിഗണിക്കേണ്ടതെന്ന് ഹർജി പരിഗണിക്കവെ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വാക്കാൽ പറഞ്ഞിരുന്നു. ബന്ധത്തിൽ കല്ലുകടിയുണ്ടാകുന്നതോടെ ഉയർത്തുന്ന ആരോപണത്തെ ബലാത്സംഗമായി കാണാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി
കൊച്ചി | സഹപ്രവർത്തകയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ കേന്ദ്രസർക്കാർ സ്റ്റാൻഡിങ് കൗൺസൽ കൂടിയായ അഭിഭാഷകൻ പുത്തൻകുരിശ് കാണിനാട് സ്വദേശി നവനീത് എൻ നാഥിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജില്ലാ കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ജാമ്യം അനുവദിച്ചത്. ഇത്തരം കേസുകളിൽ വിവാഹ വാഗ്ദാനം നൽകിയിട്ടാണോ ശാരീരിക ബന്ധത്തിനുള്ള സമ്മതം ലഭിച്ചത് എന്നതാണ് നിർണായകമായി പരിഗണിക്കേണ്ടതെന്ന് ഹർജി പരിഗണിക്കവെ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വാക്കാൽ പറഞ്ഞിരുന്നു. ബന്ധത്തിൽ കല്ലുകടിയുണ്ടാകുന്നതോടെ ഉയർത്തുന്ന ആരോപണത്തെ ബലാത്സംഗമായി കാണാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
വിദേശരാജ്യങ്ങളിലെപ്പോലെ ഒന്നിച്ചു ജീവിച്ച് മാനസിക, ശാരീരിക ചേർച്ചകൾ മനസ്സിലാക്കിയശേഷം വിവാഹം കഴിക്കാമെന്ന് തീരുമാനിക്കുന്ന യുവതീയുവാക്കളെ ഇപ്പോൾ കാണാം. ചേർച്ചയില്ലെന്ന് കണ്ടാൽ അവർ ബന്ധം ഉപേക്ഷിക്കും. ഒരാൾ ബന്ധം തുടരാമെന്ന് വിചാരിക്കുമ്പോൾ മറ്റൊരാൾ വേണ്ടെന്ന് വിചാരിക്കുന്ന സാഹചര്യങ്ങളുമുണ്ട്. ഈ സാഹചര്യങ്ങളെല്ലാം ബലാത്സംഗങ്ങളായി മാറുന്നില്ല. വാഗ്ദാനലംഘനമാകാം, എന്നാൽ ഇവ ബലാത്സംഗങ്ങളാകുന്നില്ലെന്നും കോടതി പറഞ്ഞു.
പ്രായപൂർത്തിയായ രണ്ടു പങ്കാളികൾ തമ്മിലുള്ള ലൈംഗിക ബന്ധം 376ാം വകുപ്പിന്റെ പരിധിയിൽ വരുന്ന ബലാത്സംഗമായി കണക്കാക്കില്ല. പങ്കാളിയുടെ സമ്മതമില്ലാതെയോ ബലം പ്രയോഗിച്ചോ ചതിച്ചോ ബന്ധപ്പെട്ടാൽ മാത്രമേ ബലാത്സംഗമായി കാണാനാകൂ എന്നും ഹൈക്കോടതി വ്യക്തമാക്കി. കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും പരാമർശങ്ങൾ വിചാരണയെ ഒരുതരത്തിലും ബാധിക്കരുതെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തി എന്നീ കുറ്റങ്ങളാണ് യുവതിയുടെ പരാതിയിൽ സെൻട്രൽ പൊലീസ് ചുമത്തിയിരുന്നത്. കഴിഞ്ഞ നാലു വർഷമായി നവനീതുമായി പ്രണയത്തിലാണെന്നും യുവതിയുടെ മൊഴിയിലുണ്ടായിരുന്നു. വിവാഹവാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച നവനീത്, പിന്നീട് ബന്ധത്തിൽനിന്നു പിൻമാറിയെന്നും മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ നീക്കം നടത്തിയെന്നുമാണ് പരാതി. ഇക്കാര്യം അറിഞ്ഞ യുവതി ആത്മഹത്യയ്ക്കു ശ്രമിച്ചെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് ഈ കേസില്‍ സ്ത്രീയുടെ കണ്‍സന്റ് നേടിയതെന്നും അതുകൊണ്ടുതന്നെ ബലാത്സംഗ കുറ്റം നിലനില്‍ക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.